Breaking News

Trending right now:
Description
 
Jan 08, 2013

ചൂടന്‍ ചൊവ്വ, ഓസ്‌ട്രേലിയ ചുട്ടു പഴുത്തു; 140 സ്ഥലങ്ങളില്‍ തീപടര്‍ന്നു

വിനോദ്‌ മത്തായി, ആസ്‌ട്രേലിയ
image
കനത്ത ചൂടില്‍ ഓസ്‌ട്രേലിയ ചുട്ടുപൊള്ളി. കഴിഞ്ഞ ദശാബ്ദങ്ങളിലെ ഏറ്റവും ഉയര്‍ന്ന ചൂടാണ്‌ ഓസ്‌ട്രേലിയയിലെങ്ങും ചൊവ്വാഴ്‌ച അനുഭവപ്പെട്ടത്‌. ഇതേത്തുടര്‍ന്ന്‌ 140 സ്ഥലങ്ങളില്‍ തീപിടുത്തമുണ്ടായി. ഏതാണ്ട്‌ 55,000 ഹെക്ടര്‍ സ്ഥലമാണ്‌ നശിച്ചത്‌. ആളപായമില്ല. ആയിരത്തിലധികം മൃഗങ്ങള്‍ ചത്തൊടുങ്ങി. ആടുമാടുകളാണ്‌ തീയില്‍ വെന്തുനശിച്ചത്‌. നാല്‍പ്പതിലധികം സ്ഥലങ്ങളിലെ തീ അണയ്‌ക്കാന്‍ കഴിഞ്ഞിട്ടില്ല.

സൗത്ത്‌ ഓസ്‌ട്രേലിയയില്‍ ആയിരുന്നു ഏറ്റവും ഉയര്‍ന്ന ചൂട്‌ - 47 ഡിഗ്രി സെല്‍ഷ്യസ്‌ വരെയായിരുന്നു ഇവിടെ അനുഭവപ്പെട്ട ചൂട്‌. ഊഡ്‌നാഡാറ്റയില്‍ ആയിരുന്നു ഏറ്റവും ഉയര്‍ന്ന ചൂട്‌. രാവിലെ പതിനൊന്നരയ്‌ക്കു പോലും 42 ഡിഗ്രി സെല്‍ഷ്യസ്‌ ചൂടാണ്‌ ഇവിടെ അനുഭവപ്പെട്ടത്‌. 

1960 ജനുവരി രണ്ടിനായിരുന്നു ഓസ്‌ട്രേലിയയില്‍ അനുഭവപ്പെട്ട ഏറ്റവും ഉയര്‍ന്ന ചൂട്‌. അന്ന്‌ 50.7 ഡിഗ്രി ആയിരുന്ന പകല്‍ താപനില. 1988-ല്‍ ഫെബ്രുവരിയില്‍ 50.5 ഡിഗ്രി ചൂട്‌ രേഖപ്പെടുത്തിയിരുന്നു.

തുടരെ വെള്ളം കുടിച്ച്‌ ചൂടിനെ തോല്‌പ്പിക്കാമെന്ന്‌ ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‌കിയിട്ടുണ്ട്‌. രണ്ടും മൂന്നും ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചില്ലെങ്കില്‍ ഡി ഹൈഡ്രേഷന്‍ ഉണ്ടാകും. എന്നാല്‍, മദ്യം പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ്‌ പുറത്തിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

പുറത്തിറങ്ങുന്നത്‌ പരമാവധി ഒഴിവാക്കുവാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ്‌ നല്‌കുന്നുണ്ട്‌.