Breaking News

Trending right now:
Description
 
Jan 08, 2013

രാഷ്ട്രീയ തലതൊട്ടപ്പന്മാരില്ലാതെ, ചാനല്‍ ചര്‍ച്ചകളില്ലാതെ ഇവിടെ മണ്ണിന്റെ മക്കള്‍ സമരത്തില്‍

image ഇടുക്കി കളക്ടേറ്റിനു മുമ്പില്‍ 100 ദിവസം പിന്നിട്ട ഒരു സമരം നടക്കുന്നുണ്ട്‌. ഭൂമിയില്‍ നിന്ന്‌ പുറത്താക്കപ്പെട്ട ഒരു കൂട്ടം ആദിവാസികള്‍ നടത്തുന്ന ഈ സമരം ജനകീയസമരമല്ല. ആളും ബഹളവും ചാനലുകളുടെ തള്ളിക്കയറ്റവും ഇവിടെയില്ല.

അമരത്ത്‌ വാഗ്‌ദാനങ്ങളുമായും പിന്തുണയുമായും രാഷ്ട്രീയ ശക്തികള്‍ ഇല്ലാത്ത ഇതുപോലെയുള്ള പല സമരങ്ങള്‍ കേരളത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ട്‌. ഇപ്പോള്‍ സിപിഐ എമ്മിനെ പുറകേ സിപിഐയും ഭൂസമരത്തിലേയ്‌ക്ക്‌ ഇറങ്ങുകയാണ്‌. ഈ സമരങ്ങളുടെ പശ്ചാത്തലത്തില്‍ ഭൂമി നഷ്ടപ്പെട്ട ഒരുകൂട്ടം നിരക്ഷരരായ ഈ മനുഷ്യ വിലാപം ശ്രദ്ധിക്കപ്പെടുമോ എന്നറിയില്ല. കാരണം ഇതില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന യാതൊന്നും കാണില്ല

ഇവരെ കുടിയിറക്കാന്‍ മൂന്നു പൂച്ചകളുടെ കൂര്‍മബുദ്ധിയോ ബുള്‍ഡോസറുടെ നശീകരണശക്തിയോ വേണ്ടി വന്നില്ല. ഇത്ര ഭൂമി പിടിച്ചു കെട്ടിയെന്നവകാശപ്പെട്ട്‌ ഫ്‌ളാഷ്‌ വെളിച്ചത്തില്‍ ജെണ്ട കെട്ടുവാന്‍ മന്ത്രിപ്പടയുടെ ആവശ്യമില്ലായിരുന്നു. കാരണം ഇവര്‍ പുറത്താക്കപ്പെട്ടവരാണ്‌, പരിഷ്‌കൃതരെന്നോ അപരിഷ്‌കൃതരെന്നോ അറിയാതെ ഗ്രാമഗ്രാമാന്തരങ്ങളായി അലയുവാന്‍ വിധിക്കപ്പെട്ട ഭൂമിയുടെ അവകാശികള്‍.

ഇടുക്കി ജില്ലയിലെ പെരിഞ്ചാംകുട്ടിയില്‍ നൂറ്റിപതിനാറോളം വരുന്ന ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തേയ്‌ക്ക്‌ 2012 ഫെബ്രുവരിയില്‍ സായുധരായി എത്തിയ പോലീസും വനപാലകരും ചേര്‍ന്ന്‌ ഈ ആദിവാസികളെ തീവ്രവാദികളെയും കലാപകാരികളെയും തുരുത്തുന്നതു പോലെ അവരുടെ താമസ സ്ഥലത്തു നിന്ന്‌ പുറത്താക്കി. സ്‌ത്രീകളും കുട്ടികളുമടക്കം 98 പേരെ അറസ്റ്റ്‌ ചെയ്‌ത്‌ വനം വകുപ്പിന്റെ ഡോര്‍മെന്ററിയില്‍ അടച്ചു. പിന്നീട്‌ 62 പേരെ കള്ളക്കേസില്‍ കുടുക്കി റിമാന്‍ഡ്‌ ചെയ്‌തു.

ഇവരുടെ സമരപശ്ചാത്തലം ഇതാണ്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കാട്ടുവിട്ട്‌ പുറത്തിറങ്ങിയ ഇവര്‍ തങ്ങള്‍ ചൂഷിതരാക്കപ്പെട്ടതാണെന്ന തിരിച്ചറിവില്‍ ചിന്നക്കനാലില്‍ തങ്ങളുടെ കാട്‌ തിരിച്ച്‌ പിടിക്കാന്‍ ഒരു ശ്രമം നടത്തി. എന്നാല്‍, ആനകള്‍ ഇവര്‍ക്ക്‌ മുമ്പ്‌ തന്നെ തങ്ങളുടെ അവകാശം തിരിച്ചറിഞ്ഞ്‌ മനുഷ്യരെ കായികമായി നേരിടുവാന്‍ തുടങ്ങിയിരുന്നു. ഏഴോളം പേരാണ്‌ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ ആനയുടെ ചവിടേറ്റ്‌ കൊല്ലപ്പെട്ടത്‌. അങ്ങനെയാണ്‌ ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‌കിയ ആദിവാസികള്‍ ഉള്‍പ്പെടെ ഭൂമി നിയമപരമായി ലഭിക്കാത്ത ആദിവാസികള്‍ സഹിതം പെരിഞ്ചാംകുട്ടിയിലെ 202.54 ഹെക്ടറോളം വരുന്ന റവന്യു ഭൂമിയിലേയ്‌ക്ക്‌ 2009-ല്‍ കുടിയേറുന്നത്‌.

വനം വകുപ്പ്‌ തേക്ക്‌ പ്ലാന്റ്‌ ചെയ്‌തിരിക്കുന്ന ഈ ഭൂമി റവന്യു ഭൂമിയാണെന്നാണ്‌ കൊന്നത്തടി വില്ലേജ്‌ ഓഫിസര്‍ നല്‌കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഭൂമിയ്‌ക്ക്‌ അവകാശം ലഭിച്ചില്ലെങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ ഇവര്‍ ഈ ഭൂമിയില്‍ താമസിക്കുന്നതിനെ എതിര്‍ത്തില്ല. കൃഷിയിറക്കിയും ജോലി ചെയ്‌തു ഇവര്‍ കാട്ടിന്റെ സംരക്ഷകരായി മാറിയത്‌ ആ നാട്ടിലെ ചില കാട്ടു കള്ളന്മാര്‍ക്ക്‌ പിടിച്ചില്ല. വന്‍ തോതില്‍ തേക്ക്‌ മോഷണം പോയിരുന്ന ഈ പ്രദ്ദേശം യഥാര്‍ത്ഥ കാടിന്റെ അവകാശികളുടേതായതോടെ മോഷണം സാധ്യമല്ലാതെ വന്നു. അതോടെ ആദിവാസികള്‍ അവരുടെ ശത്രുക്കളായി.

ഭൂമി കയ്യേറ്റക്കാരായി ഇവരെ മുന്നില്‍ നിറുത്തി സമ്പന്നര്‍ കോടികളുടെ സൗധം ചുളുവിലയ്‌ക്ക്‌ തട്ടിയെടുത്തപ്പോഴും ഈ പാവങ്ങള്‍ നിശബ്ദരായി. കാരണം ഇവര്‍ക്ക്‌ ജീവിതം വിനോദമല്ല. പ്രകൃതിയുടെ സൗന്ദര്യത്തിനപ്പുറം ജീവിതം വിശപ്പ്‌ എന്ന യാഥാര്‍ത്ഥ്യമാണ്‌. ഭൂമി നേടിയെടുത്ത്‌ തരാം എന്ന വാഗ്‌ദാനത്തില്‍ വശംവദരായ ഇവര്‍ കൂലിപ്പണി ചെയ്‌തു കിട്ടുന്ന പണം നേതാക്കള്‍ക്ക്‌ ഫണ്ടായി നല്‌കി. പുറത്ത്‌ നിന്നെത്തുന്ന നാട്ടുകാരനായ പരോപകാരിയ്‌ക്ക്‌ പണം വേണ്ട, ആദിവാസിയുടെ കയ്യില്‍ നിന്ന്‌ കഞ്ചാവും വാറ്റും കാട്ടിറച്ചിയും മതി പാരിതോഷികമായി. ഇന്ന്‌ ഇത്തരം വസ്‌തുകള്‍ കിട്ടാന്‍ വഴിയില്ലാഞ്ഞിട്ടും അവര്‍ ഇതൊക്കെ ഒപ്പിച്ചു നല്‌കി. കാരണം എല്ലാ പരിഷ്‌കൃതനെയും പോലെ അവരും ഇത്തിരി സ്വാര്‍ത്ഥതയുടെ സ്വപ്‌നം കണ്ടു തുടങ്ങിയിരിക്കുന്നു ഇത്തിരി മണ്ണും അതിലൊരു കൂരയും. കഴിഞ്ഞ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പെരുമാറിയ ഇവരോട്‌ ആദിവാസികളില്‍ നിന്നൊരാള്‍ തന്നെ മന്ത്രിയായിട്ടും അവരുടെ പ്രശ്‌നങ്ങള്‍ എന്തുകൊണ്ട്‌ മനസിലാവുന്നില്ലന്നാണ്‌ ആദിവാസികള്‍ ചോദിക്കുന്നത്‌?

പെരിഞ്ചാംകുടിയില്‍ നിന്ന്‌ ഒരു കൂട്ടം ആദിവാസികളെ പുറത്താക്കുമ്പോള്‍ അതില്‍ കുറച്ച്‌ പേരെ സര്‍ക്കാര്‍ അവിടെ നിലനിര്‍ത്തി. അവര്‍ പുറത്താക്കപ്പെട്ടവരുടെ ലിസ്റ്റിലില്ല. പുറത്താക്കപ്പെട്ടവര്‍ യഥാര്‍ത്ഥ ആദിവാസികള്‍ അല്ലെന്നാണ്‌ ഒരുകൂട്ടര്‍ പറയുന്നത്‌. കളക്ട്രേറ്റില്‍ സമരം ചെയ്യുന്നവര്‍ ആദിവാസികളാണെന്ന്‌ തെളിയിക്കുന്ന സര്‍ക്കാര്‍ രേഖകള്‍ കാണിച്ചു കൊണ്ട്‌ ചോദിക്കുന്നു "ഇത്‌ മാത്രമേ ഞങ്ങള്‍ ആദിവാസികളാണെന്ന്‌ തെളിയിക്കുന്ന രേഖയായി ഞങ്ങളുടെ കൈവശം ഉള്ളു". വാടക വീടുകള്‍ കിട്ടാന്‍ പോലും ഈ ആദിവാസികള്‍ക്ക്‌ നിവൃത്തിയില്ല. രണ്ടു തവണ സര്‍ക്കാര്‍ ഇവരെ ചര്‍ച്ചയ്‌ക്ക്‌ വിളിച്ചിരുന്നു. പക്ഷേ ആദിവാസികള്‍ക്ക്‌ സ്ഥലം നല്‌കുന്നതിനെക്കുറിച്ച്‌ മാത്രം സര്‍ക്കാരിന്‌ മിണ്ടാട്ടമില്ല, കേസുകള്‍ പിന്‍വലിക്കാം. അത്രമാത്രം ഔദാര്യം. ചിന്നകനാലില്‍ ആനക്കാട്ടില്‍ ജീവിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നു. ആനകള്‍ ചവിട്ടി കൊന്നില്ലെങ്കില്‍ ഇവരുടെ പേരിലും കോടികള്‍ ഫണ്ട്‌ അക്കമിട്ട്‌ നമുക്ക്‌ അടുത്ത പഞ്ചവത്സര പദ്ധതികളില്‍ ഉള്‍പ്പെടുത്താം.

രാജ്യത്ത്‌ നടപ്പാക്കിയ വിവിധ പഞ്ചവത്സര പദ്ധതികള്‍ ആദിവാസി ക്ഷേമത്തെ മുന്‍ നിറുത്തിയാണ്‌. അഞ്ചാം പദ്ധതിക്കാലത്ത്‌ സംസ്ഥാന കേന്ദ്രസര്‍ക്കാരുകള്‍ ആദിവാസി ക്ഷേമത്തിനായി 946 കോടി രൂപയാണ്‌ ചിലവഴിച്ചതെങ്കില്‍ ഏഴാം പദ്ധതികാലമായപ്പോഴേയ്‌ക്കും ഫണ്ട്‌ 7591.82 കോടി രൂപയായി വര്‍ധിച്ചിരുന്നു. ആദിവാസികളുടെ വിദ്യഭ്യാസം, സാമ്പത്തിക ഉന്നമനം, തൊഴില്‍ വികസനം തുടങ്ങിയ വിവിധ മേഖലകളിലാണ്‌ സര്‍ക്കാര്‍ ഫണ്ടുകള്‍ ചിലവഴിച്ചിരിക്കുന്നത്‌.
എന്നിട്ടും വിദ്യഭ്യാസം ലഭിക്കാതെ, വീടും ഭൂമിയും ഇല്ലാതെ നല്ല ഭാവിയെക്കുറിച്ച്‌ സ്വപ്‌നം കാണാതെ അവര്‍ ഇവിടെ ജീവിക്കുന്നു.