Breaking News

Trending right now:
Description
 
Jan 08, 2013

സമൂഹത്തിന്റെ ആരോഗ്യപൂര്‍ണമായ വളര്‍ച്ചയ്‌ക്ക്‌ കൂട്ടായ്‌മകള്‍ ഏറെ പ്രയോജനകരം: എം.എല്‍.എ

image ആലപ്പുഴ: സമൂഹത്തിന്റെ ആരോഗ്യപൂര്‍ണമായ വളര്‍ച്ചയ്‌ക്ക്‌ റസിഡന്റ്‌സ്‌ അസോസിയേഷനുകള്‍ പോലുള്ള കൂട്ടായ്‌മകള്‍ ഏറെ പ്രയോജനകരമാണെന്നു ഡോ.ടി.എം.തോമസ്‌ ഐസക്‌ എം.എല്‍.എ.

തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിദ്ധീകരിക്കുന്ന വാര്‍ത്താ മാസികയായ `ടി.ആര്‍.എ ബുള്ളറ്റിന്‍' ഔപചാരികമായി പ്രകാശിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു ഡോ. തോമസ്‌ ഐസക്‌. കിടങ്ങാംപറമ്പിലുള്ള എം.എല്‍.എ ഓഫീസില്‍ നടത്തിയ ചടങ്ങില്‍ ബുള്ളറ്റിന്റെ പ്രഥമ ലക്കം മുനിസിപ്പില്‍ കൗണ്‍സിലര്‍ കെ.ബാബു ഏറ്റുവാങ്ങി. ടി.ആര്‍.എ പ്രസിഡന്റും എഡിറ്ററുമായ തോമസ്‌ മത്തായി കരിക്കംപള്ളില്‍ സന്നിഹിതനായിരുന്നു.

ആലപ്പുഴ പട്ടണത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ ബുള്ളറ്റിനാണ്‌ പുറത്തിറക്കിയിട്ടുള്ളത്‌. അസോസിയേഷന്‍ കമ്മിറ്റി തീരുമാനങ്ങളും വാര്‍ത്തകളും അംഗങ്ങളേയും അധികൃതരേയും അറിയിക്കാന്‍ ബുള്ളറ്റിന്‍ സഹായകമാകും. ബുള്ളറ്റിന്റെ പിഡിഎഫ്‌ പതിപ്പ്‌ ആയിരക്കണക്കിനു പേര്‍ക്ക്‌ ഇ-മെയില്‍ ചെയ്യുന്നുമുണ്ട്‌.

സമൂഹജീവികളാണെങ്കിലും ഇക്കാലത്ത്‌ മനുഷ്യര്‍ അവരവരുടെ മതില്‍ക്കെട്ടുകളിലേക്ക്‌ ഒതുങ്ങുകയാണെന്നു ടി.ആര്‍.എ. ബുള്ളറ്റിന്‍ സൂചിപ്പിക്കുന്നു. ആര്‍ക്കും ആരുടെയും സഹായങ്ങള്‍ കൂടാതെ മറ്റുളളവര്‍ക്കു ശല്യമില്ലാതെ ജീവിക്കാമെന്ന ചിന്തയിലാണ്‌ പലരും മുന്നോട്ടുപോകുന്നത്‌. അതിനു ചില ഗുണവശങ്ങളുണ്ടാകാമെന്നു വാദിക്കാമെങ്കിലും സമൂഹത്തിന്റെ കെട്ടുറപ്പും കൂട്ടായ്‌മയും അതിലൂടെ ഇല്ലാതാകുകയാണ്‌. പരസ്‌പര സ്‌നേഹമുണ്ടാക്കുന്ന സന്തോഷം തിരിച്ചറിയണമെങ്കില്‍ അയല്‍ക്കാര്‍ എങ്കിലും മുന്‍വിധി കൂടാതെ സഹകരിക്കണം. ഒറ്റപ്പെടലും ആശ്രയമില്ലായ്‌മയും അനുഭവിക്കുന്നവര്‍ വളരെ ഭീകരമായ അവസ്ഥയിലൂടെയാണ്‌ കടന്നുപോകുന്നത്‌. സ്‌നേഹപൂര്‍വമുള്ള നോട്ടവും വാക്കുമെല്ലാം സമൂഹത്തില്‍ ഗുണപരമായ വന്‍മാറ്റമാണ്‌ ഉണ്ടാക്കുന്നത്‌. അതിനു പരസ്‌പരം വിവരങ്ങള്‍ അറിയാനുള്ള ആദ്യപടിയാണ്‌ ബുള്ളറ്റിന്‍.

മത, ജാതി, വര്‍ണ, രാഷ്‌്‌ട്രീയ, സാമ്പത്തിക വ്യത്യാസങ്ങള്‍ കൂടാതെ സ്ഥലവാസികളുടെ സഹകരിച്ചുള്ള പ്രവര്‍ത്തനമാണ്‌ തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടി.ആര്‍.എ) ലക്ഷ്യമാക്കുന്നത്‌. ഒരുമിച്ചു നിന്നാല്‍ പ്രദേശത്തിന്റെ പുരോഗതി അതിവേഗമാകുമെന്ന തിരിച്ചറിവാണ്‌ എല്ലാവര്‍ക്കുമുണ്ടാകേണ്ടതെന്നു ബുള്ളറ്റിന്‍ എടുത്തുകാട്ടുന്നു.

അസോസിയേഷനില്‍പ്പെട്ടവര്‍ക്ക്‌ മറ്റുള്ളവരെ അറിയിക്കാനുള്ളതെന്തും ബുള്ളറ്റിന്‍ എഡിറ്ററെ അറിയിക്കാം. പുതിയ ജോലി, സ്ഥാനക്കയറ്റം, റിട്ടയര്‍മെന്റ്‌, ബഹുമതി, നേട്ടം, ജനനം, മരണം, വാര്‍ഷികം, കൗതുകചിത്രങ്ങള്‍.. അങ്ങനെ മറ്റുള്ളവര്‍ക്കു താത്‌പര്യമുള്ളവയില്‍ തെരഞ്ഞെടുക്കുന്നവ പ്രസിദ്ധീകരിക്കുമെന്നു സെക്രട്ടറി വിനോദ്‌ അലക്‌സാണ്ടര്‍ അറിയിച്ചു. ഇ-മെയില്‍: trabulletin@gmail.com അംഗങ്ങളുടെ വീടുകള്‍, മാധ്യമ സ്ഥാപനങ്ങള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, സംഘടനകള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ക്കിടയില്‍ ബുള്ളറ്റിന്‍ വ്യാപകമായി വിതരണം ചെയ്യും. വിതരണത്തിന്റെ ചുമതല ജോയിന്റ്‌ സെക്രട്ടറി ആന്റണി ജോസഫിനാണ്‌.

തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടി.ആര്‍.എ) ഭാരവാഹികള്‍: തോമസ്‌ മത്തായി കരിക്കംപള്ളില്‍ - പ്രസിഡന്റ്‌, കെ.ജെ.ജോസഫ്‌ - വൈസ്‌ പ്രസിഡന്റ്‌, വിനോദ്‌ അലക്‌സാണ്ടര്‍ - സെക്രട്ടറി, ആന്റണി ജോസഫ്‌ - ജോയിന്റ്‌ സെക്രട്ടറി, അലക്‌സ്‌ ജോസഫ്‌ - ട്രഷറര്‍, സി.എം.ജോസഫ്‌, കെ.എം.ജോസഫ്‌, ബെന്‍സി പോള്‍, കെ.ജെ.ജോര്‍ജ്‌, ജോസ്‌ ആന്റണി, ലാജു ജേക്കബ്‌, ടോമി വര്‍ഗീസ്‌, റോയി ആന്റണി, പി.ഇ.ജോസഫ്‌, എം.വി.സ്‌കറിയ - എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍, മറിയാമ്മ ഏബ്രഹാം (തത്തംപള്ളി വാര്‍ഡ്‌ കൗണ്‍സിലര്‍), ഷോളി (ജില്ലാ കോടതി വാര്‍ഡ്‌ കൗണ്‍സിലര്‍) - രക്ഷാധികാരികള്‍.