Breaking News

Trending right now:
Description
 
Aug 14, 2016

അസ്‌ലമിന്റെ കൊലപാതകം പാര്‍ട്ടിക്കോടതിയുടെ വിധി: രമേശ്‌ ചെന്നിത്തല

image നാദാപുരത്ത്‌ കോടതി വെറുതെവിട്ട യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകന്‍ അസ്‌ലമിനെ വെട്ടിക്കൊന്നതിലൂടെ സിപിഎം നടപ്പാക്കിയതു പാര്‍ട്ടിക്കോടതിയുടെ വിധിയാണെന്നു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാദാപുരം സംഭവം അതീവ ഗൗരവമുള്ളതാണ്‌. കോടിയേരി അടക്കം നേതാക്കളുടെ പ്രകോപനപരമായ പ്രസ്‌താവനകള്‍ അക്രമങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്നതിന്റെ സൂചനകളാണ്‌ കാണുന്നത്‌. വയലിലെ ജോലിക്കു വരമ്പത്ത്‌ കൂലിയെന്ന കോടിയേരിയുടെ പ്രസ്‌താവന ഈ കൊലപാതകത്തോടു കൂട്ടിവായിക്കാം. ഈ കാടത്തം അവസാനിപ്പിക്കാന്‍ തയാറാകണം. പ്രതിയെ കോടതി വെറുതെ വിട്ടതില്‍ പരാതിയുണ്ടെങ്കില്‍ നിയമവ്യവസ്ഥ അനുസരിച്ച്‌ അപ്പീല്‍ പോകണം. അതൊന്നും കണക്കിലെടുക്കാതെ പാര്‍ട്ടിക്കോടതിവിധി നടപ്പാക്കിയ സിപിഎം നടപടി പ്രതിഷേധാര്‍ഹമാണെന്ന്‌ പ്രതിപക്ഷനേതാവ്‌ വ്യക്തമാക്കി. കേരളത്തില്‍ അക്രമങ്ങള്‍ പെരുകുകയാണ്‌. ഇന്നലെത്തന്നെ രണ്ടു ഗുണ്ടാ ആക്രമണങ്ങളുണ്ടായി. തിരുവനന്തപുരത്തു വണ്ടന്നൂരില്‍ ഒരാളെ വെട്ടിക്കൊന്നു. തൃശൂരില്‍ ഒല്ലൂരില്‍ എസ്‌ഐക്കും പോലീസുകാര്‍ക്കും ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റു. ഗുണ്ടകളുടെ താവളമായി കേരളം മാറിയോയെന്നു സംശയമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.