Breaking News

Trending right now:
Description
 
Aug 12, 2016

സോളാര്‍ കേസ്‌: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും മൊഴിനല്‍കും

image സോളാര്‍കേസുമായി ബന്ധപ്പെട്ട്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെ അന്‍പതോളം പേരുടെ മൊഴിയെടുക്കാന്‍ സോളാര്‍ കമ്മിഷന്‍ നടപടി സ്വീകരിച്ചു.
ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെ മുമ്പ്‌ മൊഴി നല്‍കിയ പലരുടെയും മൊഴി വീണ്ടും രേഖപ്പെടുത്തുന്നതിനൊപ്പം പുതുതായി സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവരുടേയും മൊഴിയെടുക്കും. പുതുതായി സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവരുടെ ലിസ്റ്റ്‌ കക്ഷികളുടെ അഭിഭാഷകരും സര്‍ക്കാര്‍ അഭിഭാഷകനും കമ്മീഷന്റെ അഭിഭാഷകനും സമര്‍പ്പിച്ചു. ഇതിന്‍മേല്‍ വിശദമായ വാദം കേട്ടശേഷമാണ്‌ ഉത്തരവ്‌ പുറപ്പെടുവിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്‌. എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുമെന്ന്‌ കമ്മീഷന്‍ അറിയിച്ചു. സോളാര്‍ കമ്മിഷനില്‍ ലഭിച്ച ചില മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍നിന്നു ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നു ജസ്‌റ്റീസ്‌ ജി.ശിവരാമന്‍ വെക്തമാക്കി. വെറും രസത്തിന്‌ ആരെയും വിളിച്ചുവരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹാജരാകേണ്ടതിന്റെ ആവശ്യകത കമ്മിഷനു ബോധ്യപ്പെട്ടാല്‍ മാത്രമേ വീണ്ടും വിളിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി. ലോയേഴ്‌സ്‌ യൂണിയന്റെ ആവശ്യപ്രകാരം ഉമ്മന്‍ചാണ്ടിയെ വിളിച്ചുവരുത്തുന്നതില്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എതിര്‍പ്പ്‌ ഉന്നയിച്ചപ്പോഴാണ്‌ കമ്മിഷന്‍ നിലപാട്‌ വ്യക്തമാക്കിയത്‌. ഉമ്മന്‍ചാണ്ടിയെ കൂടാതെ അദ്ദേഹത്തിന്റെ ഗണ്‍മാനായിരുന്ന സലിംരാജ്‌, പി.സി ജോര്‍ജ്‌ എംഎല്‍എ, യുഡിഎഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍, സോളാര്‍ പ്രത്യേക അന്വേഷണസംഘം തലവനായിരുന്ന എഡിജിപി ഹേമചന്ദ്രന്‍, സരിത എസ്‌. നായര്‍, ജിക്കുമോന്‍ എന്നിവരുടെയും മൊഴി കമ്മീഷന്‍ രേഖപ്പെടുത്തും. കമ്മീഷന്‍ ഇതുവരെ നടത്തിയ സിറ്റിംഗില്‍ 170തോളം സാക്ഷികളില്‍നിന്നു തെളിവു ശേഖരിച്ചു.