Breaking News

Trending right now:
Description
 
Aug 11, 2016

കൊച്ചിയിലെ എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കൂട്ടുപ്രതി കുത്തിക്കൊന്നു

image കൊച്ചി കാക്കനാട്‌ പടമുകളില്‍ സിന്‍ഡിക്കേറ്റ്‌ ബാങ്കിന്റെ എടിഎം കുത്തിത്തുറന്നു കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസിലെ രണ്ടു പ്രതികളില്‍ ഒരാളെ കൂട്ടുപ്രതി കുത്തിക്കൊന്നു. പശ്ചിമബംഗാള്‍ സ്വദേശിയായ മുഹമ്മദ്‌ ഇമ്രാന്‍ (32) ആണു കൊല്ലപ്പെട്ടത്‌. കൊല നടത്തിയെന്നു കരുതുന്ന കൂട്ടുപ്രതിയായ ഉത്തര്‍പ്രദേശ്‌ സ്വദേശി മുര്‍സ്‌ലിന്‍ അന്‍സാരിയെ (35) പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ഇരുവരും താമസിച്ചിരുന്ന കുന്നുംപുറം റോഡിനേടു ചേര്‍ന്നുള്ള ലോഡ്‌ജിലെ മുറിയിലാണ്‌ മുഹമ്മദ്‌ ഇമ്രാനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. എടിഎം കവര്‍ച്ചാ കേസില്‍ മുര്‍സ്‌ലിന്‍ അന്‍സാരിയെ പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ്‌ കൂട്ടുപ്രതിയും സുഹൃത്തുമായ മുഹമ്മദ്‌ ഇമ്രാനെ കൊലപ്പെടുത്തിയെന്ന മൊഴി പൊലീസിന്‌ ലഭിച്ചത്‌. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ലോഡ്‌ജ്‌ മുറിയില്‍ കട്ടിലിനു താഴെ ചാക്കിനുള്ളിലാക്കിയ മൃതദേഹം കണ്ടത്‌. കൊല്ലാന്‍ ഉപയോഗിച്ച കത്തി മുറിയില്‍നിന്നു പൊലീസ്‌ കണ്ടെടുത്തു. കൊലപാതക കാരണം അന്‍സാരി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ശനിയാഴ്‌ച പടമുകളില്‍ സിന്‍ഡിക്കേറ്റ്‌ ബാങ്കിന്റെ എടിഎമ്മില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ്‌ പുറത്തുവിട്ടിരുന്നു. സിസിടിവിയില്‍നിന്നു ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ്‌ പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയായിരുന്നു. വാഴക്കാലയില്‍ ലോഡ്‌ജിനു മുമ്പില്‍ ഉത്തര്‍പ്രദേശ്‌ രജിസ്‌ട്രേഷനിലുള്ള ബൈക്ക്‌ പാര്‍ക്ക്‌ ചെയ്‌തിരിക്കുന്നതു കണ്ടു സംശയം തോന്നിയാണു ലോഡ്‌ജില്‍ കയറി പൊലീസ്‌ പരിശോധന നടത്തിയത്‌. തുടര്‍ന്നാണ്‌ മുര്‍സ്‌ലിന്‍ അന്‍സാരിയെ കസ്റ്റഡിയില്‍ എടുത്തത്‌. മുഹമ്മദ്‌ ഇമ്രാന്റെ മൃതദേഹത്തിന്‌ ഒരു ദിവസത്തെ പഴക്കമുണ്ട്‌. വയറ്റില്‍ കുത്തേറ്റ്‌ ആഴത്തിലുള്ള മുറിവുണ്ട്‌. കുടല്‍മാല പുറത്തുവന്ന നിലയിലായിരുന്നു. കഴുത്ത്‌ അറുക്കാനും ശ്രമം നടത്തിയിരുന്നു. ചൊവ്വാഴ്‌ച രാത്രിയാണു കൊല നടന്നതെന്നാണു ചോദ്യംചെയ്യലില്‍ അന്‍സാരി പൊലിനിനെ അറിയിച്ചു.