Aug 08, 2016
ഒറ്റയ്ക്കു നില്ക്കും; ആരെയും ഭയമില്ല: മാണി
ആരൊക്കെ മാധ്യസ്ഥ്യം പറഞ്ഞുവന്നാലും മുന്നണിവിട്ട തീരുമാനത്തില്‍
മാറ്റമില്ലെന്നു കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം.മാണി
കോട്ടയത്ത് വ്യക്തമാക്കി. ഏത് പ്രതിസന്ധിയേയും നേരിടാനുള്ള
ചങ്കൂറ്റത്തോടെയാണ് യുഡിഎഫ് വിട്ട് പുറത്തേക്കുവന്നത്. ഒറ്റയ്ക്കു
ശക്തിതെളിയിച്ചിട്ടുള്ള പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എന്ന കാര്യം ആരും
മറക്കേണ്ട. ഇതിനു മുമ്പും ഒറ്റയ്ക്കുനിന്ന ചരിത്രം പാര്‍ട്ടിക്കുണ്ട്.
സ്വതന്ത്രമായിട്ടാണ് തീരുമാനം എടുത്തത്. തങ്ങള്‍ക്ക് ആരെയും
ഭയമില്ലെന്നും മാണി പറഞ്ഞു. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി
നില്‍ക്കുമെന്ന തീരുമാനത്തിലും മാറ്റമില്ല. മുസ്ലിം ലീഗ് ഉള്‍പ്പടെ സമവായ
നീക്കത്തിന് ശ്രമിക്കുന്നവരെ അദ്ദേഹം സ്വാഗതം ചെയ്തു. ലീഗുമായി നല്ല
ബന്ധമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. അവര്‍ ചര്‍ച്ച
ആഗ്രഹിക്കുന്നെങ്കില്‍ സ്വാഗതം ചെയ്യുന്നു. യുഡിഎഫ് വിടാനുള്ള കേരള
കോണ്‍ഗ്രസിന്റെ തീരുമാനത്തെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍
മാണി തള്ളിക്കളഞ്ഞു. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ
വിമര്‍ശനങ്ങളെയും അദ്ദേഹം തള്ളി. യുഡിഎഫ് വിടുമ്പോള്‍ കോണ്‍ഗ്രസ്
മുഖപത്രം വിമര്‍ശിക്കണമെന്നും മിത്രങ്ങള്‍ ശത്രുക്കളാകുമെന്ന്
അറിഞ്ഞുതന്നെയാണ് കേരള കോണ്‍ഗ്രസ് തീരുമാനമെടുത്തതെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫുമായി എന്തെങ്കിലും ചര്‍ച്ച നടന്നോ എന്ന
ചോദ്യത്തോട് കെ.എം.മാണി പ്രതികരിച്ചില്ല.