Aug 07, 2016
പീരുമേട്ടില്‍ സ്ഥലം കൈമാറ്റം: ഉമ്മന്‍ചാണ്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെ അന്വേഷണം
പ്ലാന്റേഷന് കമ്പനികള്‍ക്കു പീരുമേട്ടില്‍ ഏക്കര്‍കണക്കിനു ഭൂമി
വിട്ടുനല്‍കാന്‍ നടന്ന നീക്കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,
മുന്‍മന്ത്രി അടൂര്‍ പ്രകാശ്, മുന്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത
എന്നിവരെ പ്രതിചേര്‍ത്തു സമര്‍പ്പിച്ച ഹര്‍ജിയില്‍ ത്വരിതാന്വേഷണം നടത്തി
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി
ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ
ഡയറക്ടര്‍ അടുത്ത മാസം 30നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു
ജഡ്ജി പി.മാധവന് ഉത്തരവിട്ടിരിക്കുന്നത്. ബഥേല്‍ പ്ലാന്റേഷന്, ഹോപ്
പ്ലാന്റേഷന്, ലൈഫ് ടൈം പ്ലാന്റേഷന് എന്നീകമ്പനികള്ക്കെതിരെയും അന്വേഷണം
പ്രഖ്യാപിച്ചിട്ടുണ്ട്. കളമശേരി സ്വദേശി ഗിരീഷ് ബാബു നല്കിയ
ഹര്‍ജിയിലാണ് നടപടി. പ്ലാന്റേഷന് കമ്പനികള്‍ക്ക് ഏക്കര്‍ കണക്കിനു ഭൂമി
നല്കാന് മുന്‍മുഖ്യമന്ത്രിയും കൂട്ടരും ഗൂഢാലോചന നടത്തിയെന്നും 708.42
ഏക്കര്‍ ഭൂമി ഹോപ് പ്ലാന്റേഷനും മറ്റും നല്‍കിയെന്നുമാണ് ഹര്‍ജി.
പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ത്വരിതാന്വേഷണമില്ലാതെതന്നെ
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താമെന്നും കഴിഞ്ഞ ദിവസം
കോടതിയില്‍ നടന്ന വാദത്തില്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകര്‍
ചൂണ്ടിക്കാട്ടിയിരുന്നു. പ്ലാന്റേഷന് മാനേജിംഗ് ഡയറക്ടര്‍മാരുടെ
സ്വാധീനത്തില്‍പ്പെട്ട് ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കില്‍പ്പെട്ട
ഏലപ്പാറ, പീരുമേട് വില്ലേജുകളില്‍ ആയിരം ഏക്കര്‍ മിച്ചഭൂമിയില്‍നിന്ന്
708.42 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഭൂപരിഷ്കരണ നിയമത്തില്‍ ഇളവുവരുത്തി
പതിച്ചുനല്‍കുകയും ഇതിനോടു ചേര്‍ന്നുകിടക്കുന്ന 125 ഏക്കറോളം മിച്ചഭൂമി
നിയമവിരുദ്ധമായി രേഖകളില്ലാതെ കൈവശം വയ്ക്കാന്‍ അനുമതി നല്‍കുകയും
ചെയ്തുവെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.