Breaking News

Trending right now:
Description
 
Aug 05, 2016

കോട്ടയത്ത്‌ ഗര്‍ഭിണിയെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി അറസ്‌റ്റില്‍

image കോട്ടയം അതിരമ്പുഴയില്‍ ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി ചാക്കില്‍കെട്ടി റബര്‍തോട്ടത്തില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയ കേസില്‍ നാല്‍പ്പാത്തിമലയില്‍ താമസിക്കുന്ന ഈരാറ്റുപേട്ട മാമ്മൂട്ടില്‍ ഖാദര്‍ യൂസഫിനെ (ബഷീര്‍-42) പൊലീസ്‌ അറസ്റ്റു ചെയ്‌തു. നാല്‍പ്പാത്തിമല നെടിയകാലായില്‍ അശ്വതിയാണ്‌ (20) കൊല്ലപ്പെട്ടതെന്നു പൊലീസ്‌ സ്ഥിരീകരിച്ചു. അവിഹിത ഗര്‍ഭത്തെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പൊലീസിന്റെ നിഗമനം. ഡിഎന്‍എ ഫലം ലഭിക്കുന്നതോടെ ഇന്ന്‌ അറസ്റ്റ്‌ രേഖപ്പെടുത്തും. കോട്ടയം ശാസ്‌ത്രി റോഡിലെ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയിലെ ജീവനക്കാരനാണ്‌ യൂസഫ്‌. യൂസഫിന്റെ ഭാര്യ വിദേശത്താണ്‌. ഭാര്യ അടുത്തിടെ നാട്ടില്‍ വരുമെന്നു വിവരം ലഭിച്ചതോടെയാണ്‌ അടുപ്പത്തിലായിരുന്ന അശ്വതിയെ ഒഴിവാക്കാനുള്ള ശ്രമം നടന്നതും കൊലപാതകത്തില്‍ കലാശിച്ചതും. ഗര്‍ഭം അലസിപ്പിക്കാന്‍ ഇയാള്‍ പണം നല്‍കിയെങ്കിലും യുവതി വഴങ്ങിയില്ല. യുവതി ഗര്‍ഭിണിയാണെന്നറിഞ്ഞ്‌ കഴിഞ്ഞ ഡിസംബറില്‍ വീട്ടുകാര്‍ ആറന്മുളയിലുള്ള ബന്ധുവീട്ടിലേക്കു മാറ്റിയിരുന്നു. മാറ്റിപ്പാര്‍പ്പിക്കാന്‍ മുന്‍കൈയെടുത്തത്‌ യൂസഫാണെന്നു പൊലീസ്‌ പറയുന്നു. ആറന്മുളയിലെ ഒരു സ്ഥാപനത്തില്‍ യുവതി ജോലി ചെയ്‌തു വരുന്നതിനിടെ കാണാതായി. ഇതുസംബന്ധിച്ച്‌ പൊലീസില്‍ പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ മാസം യുവതി യൂസഫിന്റെ വീട്ടിലെത്തി. യൂസഫ്‌ യുവതിയെ ഒരു മാസത്തോളം സ്വന്തം വീട്ടില്‍നിന്നു പുറത്തിറക്കാതെ താമസിപ്പിച്ചു. 31നു രാത്രി ഇരുവരും തമ്മില്‍ ബഹളമുണ്ടാക്കി. തുടര്‍ന്നാണ്‌ കൊലപാതകം നടന്നത്‌. തുടര്‍ന്ന്‌ ഒരുദിവസം മുഴുവന്‍ ചാക്കില്‍കെട്ടിയ മൃതദേഹം കാറിനുള്ളില്‍ സൂക്ഷിച്ചു. പിറ്റേന്ന്‌ അതിരമ്പുഴയിലെ റബര്‍തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. വ്യാഴാഴ്‌ച ഉച്ചയോടെ മുണ്ടക്കയത്തുനിന്നാണ്‌ യൂസഫിനെ അറസ്റ്റു ചെയ്‌തത്‌. ജില്ലാ പൊലീസ്‌ മേധാവി എന്‍. രാമചന്ദ്രന്‍, ഡിവൈഎസ്‌പിമാരായ മുഹമ്മദ്‌ കബീര്‍ റാവുത്തര്‍, വി. അജിത്ത്‌ എന്നിവര്‍ അന്വേഷണത്തിന്‌ നേതൃത്വം നല്‍കി.