Breaking News

Trending right now:
Description
 
Aug 03, 2016

മാണി ബിജെപിയിലേക്ക്‌? വിശ്വസിക്കുന്നില്ലെന്ന്‌ കുഞ്ഞാലിക്കുട്ടി

image യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ കെ.എം.മാണി ബിജെപിയിലേക്ക്‌ പോകുമെന്ന പ്രചരണം ശക്തമായി. മാണിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം നടത്തിയ ശ്രമം പരാജയപ്പെടുകയും ചെയ്‌തു. ബാര്‍കോഴക്കേസില്‍ തന്നെ ബലിയാടാക്കിയത്‌ കോണ്‍ഗ്രസിലെ ചിലരാണെന്നു മാണി ആരോപിച്ചിരുന്നു. എല്‍ഡിഎഫിലേക്കു പോകുമെന്ന്‌ ഭയന്ന്‌ യുഡിഎഫില്‍ തളച്ചിടാനാണു ബാര്‍ക്കേസ്‌ ഉയര്‍ത്തിയതെന്നും മാണി ആരോപിച്ചിരുന്നു. കോണ്‍ഗ്രസുമായി തല്‍ക്കാലം ഒരുമിച്ചു പോകേണ്ടതില്ല എന്ന വികാരമാണ്‌ കേരളാ കോണ്‍ഗ്രസിന്റെ എല്ലാതലങ്ങളിലും ഉയരുന്നത്‌. ചരല്‍ക്കുന്നിലെ ക്യാമ്പ്‌ കഴിയും വരെ കാത്തിരിക്കാനാണ്‌ മാണിയുടെ മുന്നറിയിപ്പ്‌. അതിനിടെ, കേരള കോണ്‍ഗ്രസ്‌ -എം ബിജെപിക്കൊപ്പം പോയാല്‍ അത്‌ ആത്മഹത്യാപരമായിരിക്കുമെന്ന്‌ മുസ്‌ലിം ലീഗ്‌ നേതാവ്‌ പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യുഡിഎഫില്‍ കേരള കോണ്‍ഗ്രസിനു ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നതു ശരിയാണ്‌. എന്നാല്‍ അത്‌ യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കില്ല. അത്‌ അംഗീകരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാണി ബിജെപിയിലേക്ക്‌ പോകുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. അതു തെറ്റായ പ്രചാരണമാണ്‌. പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കാനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.