Breaking News

Trending right now:
Description
 
Aug 03, 2016

ബംഗാളില്‍ കോണ്‍ഗ്രസുമായി രാഷ്‌ട്രീയ സഖ്യത്തിനു തയാറല്ലെന്ന്‌ പിണറായി

image ബംഗാളില്‍ കോണ്‍ഗ്രസുമായി രാഷ്‌ട്രീയ സഖ്യത്തിനു സിപിഎം തയാറല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത്‌ വ്യക്തമാക്കി. ബംഗാളിലെ അക്രമങ്ങള്‍ക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പശ്ചിമ ബംഗാള്‍ ഐക്യദാര്‍ഢ്യ ദിനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംരക്ഷണത്തിന്‍െറ പ്രശ്‌നം വരുമ്പോള്‍ അതിനനുസരിച്ചുള്ള നിലപാട്‌ സ്വീകരിക്കും. പ്രവര്‍ത്തകരെ ശാരീരികമായി ആക്രമിച്ച്‌ സിപിഎമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരും കിട്ടുന്നതെന്തും ഉപയോഗിച്ച്‌ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവരും തമ്മില്‍ ഒരു വ്യത്യാസവുമില്ല. തൃണമൂല്‍ കോണ്‍ഗ്രസ്‌ സിപിഎമ്മിനു നേരെ ആരംഭിച്ച ആക്രമണം ഇപ്പോള്‍ പൊതു ജനാധിപത്യ സംവിധാനത്തിനു നേരെ തിരിഞ്ഞിരിക്കുകയാണ്‌. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കടന്നാക്രമങ്ങളില്‍ ഇരയാകുന്ന സിപിഎമ്മിനെ മറ്റൊരു രീതിയില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷ നിലപാട്‌ തിരിച്ചറിയണം. ഫാഷിസ്റ്റ്‌ പ്രവണതയെ എതിര്‍ക്കാന്‍ ബാധ്യതപ്പെട്ടവരും ജനാധിപത്യത്തിന്റെ ജിഹ്വകള്‍ എന്ന്‌ അവകാശപ്പെടുന്നവരും സ്വീകരിക്കുന്ന നിലപാട്‌ അക്രമികളെ തുറന്നുകാട്ടാന്‍ ഉതകുന്നതാണോ എന്ന്‌ സ്വയം പരിശോധിക്കണം. സിപിഎമ്മിനെ കായികമായി അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുകയാണ്‌. സിപിഎം ഇതിനു മുമ്പും പലതരത്തിലുള്ള ആക്രമണങ്ങളെ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.