Breaking News

Trending right now:
Description
 
Aug 03, 2016

വിവാദ പ്രസംഗം: ബാലകൃഷ്‌ണപിള്ള ഖേദം പ്രകടിപ്പിച്ചു

image ന്യൂനപക്ഷങ്ങളെ ആക്ഷേപിച്ചു താന്‍ പ്രസംഗിച്ചുവെന്ന പേരില്‍ നടക്കുന്ന പ്രചരണം ഗൂഢാലോചനയുടെ ഭാഗമാണെന്നും താന്‍ നടത്തിയ പ്രസ്‌താവനയുടെ പേരില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടോ പ്രയാസമോ ദുഃഖമോ ഉണ്ടായിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും കേരള കോണ്‍ഗ്രസ്‌ -ബി നേതാവ്‌ ആര്‍. ബാലകൃഷ്‌ണപിള്ള. ഗൂഢാലോചന നടത്തിയവരെ അറിയാം. എന്നാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ ഉദ്ദേശ്യമില്ല. താന്‍ മുസ്‌ലിം വിരോധിയാണെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ഗൂഢാലോചന. ന്യൂനപക്ഷത്തിനെതിരായി ഒന്നും ചെയ്‌തിട്ടില്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി വാദിക്കുന്നതാണു തന്റെ രാഷ്‌ട്രീയ ജീവിതമെന്നും അദ്ദേഹം കൊട്ടാരക്കരയില്‍ മാധ്യമങ്ങളോടു പറഞ്ഞു. പത്തനാപുരം കമുകിന്‍ചേരി എന്‍എസ്‌എസ്‌ കരയോഗ വാര്‍ഷികച്ചടങ്ങില്‍ ഒരുമണിക്കൂര്‍ 25 മിനിട്ട്‌ നടത്തിയ പ്രസംഗം എഡിറ്റ്‌ ചെയ്‌ത്‌ 30 മിനിട്ട്‌ ആക്കുകയാണ്‌ ചെയ്‌തത്‌. താന്‍ വളര്‍ത്തിയെടുത്ത നേതാവാകാം ഇതിനു പിന്നില്‍. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗൂഢാലോചനക്കാര്‍ക്കു മറുപടി ലഭിക്കും. താന്‍ ഒരു ന്യൂനപക്ഷ വിരോധിയാണെന്നു വരുത്തിത്തീര്‍ക്കാന്‍ ആരു ശ്രമിച്ചാലും കഴിഞ്ഞകാല ചരിത്രം അറിയാവുന്നവര്‍ അംഗീകരിക്കില്ല. ബാബ്‌റി മസ്‌ജിദ്‌ പൊളിച്ചപ്പോള്‍ അതിനെതിരെ വേദികളില്‍ പ്രസംഗിച്ചു നടന്നയാളാണ്‌ താന്‍. മഅദനി ജയിലിലായപ്പോള്‍ അദ്ദേഹത്തിനു വേണ്ടി പ്രവര്‍ത്തിച്ചു കേസില്‍ പ്രതിയായ ആളുമാണ്‌. മുസ്ലീംകളുടെ ഏതാവശ്യത്തിനും എന്നും നിലകൊണ്ടയാളാണു താന്‍. ഇതൊക്കെ കാണുമ്പോള്‍ തനിക്കു ദുഃഖമാണു തോന്നുന്നത്‌. രാഷ്‌ട്രീയജീവിതത്തില്‍ ഏറ്റവും ദുഃഖമുള്ള ദിവസമാണു കഴിഞ്ഞുപോയത്‌. ന്യൂനപക്ഷസ്‌നേഹം വെടിഞ്ഞിട്ടില്ല; മരണം വരെ തുടരും. വാങ്ക്‌ വിളിക്കുന്നത്‌ നായയുടെ കുരപോലെയാണെന്നു പറയാന്‍ തനിക്കു ഭ്രാന്തില്ല. വ3ങ്ക്‌ വിളിക്കുമ്പോള്‍ ക്ഷേത്രങ്ങളിലെ ഉച്ചഭാഷണികള്‍ നിര്‍ത്തുന്നതാണ്‌ നമ്മുടെ സംസ്‌കാരമെന്നു മാത്രമാണു പറഞ്ഞത്‌-പിള്ള പറഞ്ഞു. അതിനിടെ പിള്ളയുടെ വിവാദ പ്രസംഗത്തെക്കുറിച്ച്‌ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.