Breaking News

Trending right now:
Description
 
Aug 02, 2016

ഹെല്‍മറ്റ്‌ ഇല്ലാതെ പെട്രോള്‍പമ്പില്‍ എത്തിയ രണ്ടുപേര്‍ക്ക്‌ ഗതാഗതമന്ത്രി സൗജന്യമായി ഹെല്‍മറ്റ്‌ നല്‍കി

image കൊച്ചിയില്‍ ഇരുമ്പനത്തെ ബിപിസിഎല്‍ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ ഹെല്‍മറ്റില്ലാതെ എത്തിയ രണ്ടു ബൈക്ക്‌ യാത്രികര്‍ക്ക്‌ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ സൗജന്യമായി ഹെല്‍മറ്റ്‌ നല്‍കി. മോട്ടോര്‍ വാഹനവകുപ്പിന്റെ പെട്രോള്‍ നിറയ്‌ക്കൂ, സുരക്ഷിതരായിരിക്കൂ എന്ന ബോധവത്‌കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നിര്‍വഹിച്ചശേഷമാണ്‌ ഹെല്‍മറ്റ്‌ വിതരണം മന്ത്രി നടത്തിയത്‌. ഇരുവരുടെയും തലയില്‍ മന്ത്രിതന്നെ ഹെല്‍മറ്റ്‌ വച്ചുകൊടുത്തു. അതോടൊപ്പം ഹെല്‍മറ്റ്‌ ഇല്ലാതെ ബൈക്ക്‌ ഓടിക്കില്ലെന്നു ഇരുവരെയും പ്രതിജ്ഞചെയ്യിപ്പിച്ചു. ഹെല്‍മറ്റ്‌ ധരിച്ചെത്തിയ ചില വാഹന ഉടമകള്‍ക്ക്‌ മന്ത്രിതന്നെ പെട്രോള്‍ നല്‍കി. അതോടൊപ്പം സമ്മാനപ്പൊതിയും. പതിവായി ഹെല്‍മെറ്റ്‌ ധരിച്ചു പെട്രോള്‍ അടിക്കാന്‍ പമ്പിലെത്തുന്നവര്‍ക്കു പമ്പില്‍നിന്നു ലഭിക്കുന്ന സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പില്‍ ഒന്നാം സ്ഥാനം ലഭിച്ചാല്‍ അഞ്ചു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി ലഭിക്കുമെന്നു മന്ത്രി ശശീന്ദ്രന്‍ വ്യക്തമാക്കി. രണ്ടാം സമ്മാനാര്‍ഹരായ രണ്ടു പേര്‍ക്കു മൂന്നു ലിറ്ററും മൂന്നാമതെത്തുന്ന മൂന്നു പേര്‍ക്കു രണ്ടു ലിറ്ററും ലഭിക്കും. ഇത്തരത്തില്‍ പ്രോത്സാഹജനകമായ പരിപാടികളിലൂടെ ബോധവത്‌കരണം നടപ്പിലാക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഇരുചക്രവാഹനയാത്രക്കാര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ്‌ ധരിക്കണമെന്ന ബോധവത്‌കരണ പരിപാടിയാണ്‌ മോട്ടോര്‍വാഹനവകുപ്പ്‌ ഈ ദിവസങ്ങളില്‍ നടപ്പാക്കുന്നത്‌.