Breaking News

Trending right now:
Description
 
Aug 02, 2016

സംവിധായകന്‍ രാജന്‍ ശങ്കരാടി കുഴഞ്ഞുവീണ്‌ മരിച്ചു

image സിനിമാ സംവിധായകന്‍ രാജന്‍ ശങ്കരാടി (സി.രാജഗോപാല്‍-63) റോഡില്‍ കുഴഞ്ഞു വീണു മരിച്ചു. അന്തരിച്ച ചലച്ചിത്ര നടന്‍ ശങ്കരാടിയുടെ സഹോദരീ പുത്രനായ ഇദ്ദേഹം ആലുവ എടത്തല അനിഴം വീട്ടില്‍ ബാലചന്ദ്രമേനോന്‍-ഭാരതിയമ്മ ദമ്പതികളുടെ മകനാണ്‌. തിങ്കളാഴ്‌ച രാത്രി ഏഴരയോടെയാണ്‌ സംഭവം. ആലുവ പാലസിനു സമീപം താമസിക്കുന്ന സുഹൃത്തിനെ കാണാനെത്തിയതാണ്‌. ടാസ്‌ റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ്‌ കുഴഞ്ഞുവീണത്‌. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ്‌ മരണകാരണമെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു. ചെറായി സ്വദേശിയായ രാജന്‍ വര്‍ഷങ്ങളായി എടത്തലയിലാണു കുടുംബസമേതം താമസിച്ചിരുന്നത്‌. 1985ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ അഭിനയിച്ച ഗുരുജി ഒരു വാക്ക്‌ എന്ന ചിത്രത്തിലൂടെയാണു സ്വതന്ത്ര സംവിധായകനായത്‌. മീനത്തില്‍ താലികെട്ട്‌ എന്ന സിനിമയാണ്‌ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം. ചലച്ചിത്ര താരം ദിലീപിനെ ജനപ്രിയ നായക പദവിയിലേക്ക്‌ ഉയര്‍ത്തിയ ചിത്രമാണു മീനത്തില്‍ താലികെട്ട്‌. 2013-ല്‍ പുറത്തിറങ്ങിയ ക്ലിയോപാട്രയാണ്‌ അവസാന ചിത്രം. ബാലചന്ദ്രമേനോന്റെ ഉത്രാടരാത്രിയില്‍ അസിസ്റ്റന്റ്‌ ഡയറക്ടറായാണു രാജന്‍ ശങ്കരാടി സിനിമയിലെത്തുന്നത്‌. ഈ തണുത്ത വെളുപ്പാന്‍ കാലത്ത്‌, മുഖം, ഓഗസ്റ്റ്‌ ഒന്ന്‌ എന്നീ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. സംവിധായകന്‍ കമല്‍, ലാല്‍ജോസ്‌ എന്നിവര്‍ ഇദ്ദേഹത്തിന്റെ അസോഷ്യേറ്റ്‌ ഡയറക്ടര്‍മാരായിരുന്നു. ഭാര്യ: ഉഷാറാണി. മക്കള്‍: സൂരജ്‌ (മുംബൈ), പാര്‍വതി (എന്‍ജിനിയറിംഗ്‌ വിദ്യാര്‍ഥിനി). സംസ്‌കാരം ഇന്നു വൈകുന്നേരം 5.30നു എടത്തലയിലെ വസതിയില്‍.