Breaking News

Trending right now:
Description
 
Jul 31, 2016

കത്തോലിക്കാ കോണ്‍ഗ്രസ്‌, വിജയപുരം രൂപതാ പ്രാര്‍ഥനാദിനം ഇന്ന്‌

image തീവ്രവാദത്തിനും ഭീകരാക്രമണത്തിനും എതിരേയും ലോകമെങ്ങും പീഡനം അനുഭവിക്കുന്നവര്‍ക്കുവേണ്ടിയും കത്തോലിക്ക കോണ്‍ഗ്രസും വിജയപുരം രൂപതയും ഇന്നു പ്രാര്‍ഥനാദിനം ആചരിക്കും. മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ ആഹ്വാനമനുസരിച്ചാണ്‌ കത്തോലിക്കാ കോണ്‍ഗ്രസ്‌ പ്രാര്‍ഥനാ ദിനം ആചരിക്കുന്നത്‌. അക്രമത്തിനും തീവ്രവാദത്തിനുമെതിരേ പ്രാര്‍ഥനയുടെ വെളിച്ചമാകുവാന്‍ ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ ആഹ്വാനം ചെയ്‌തു. ലോകത്തില്‍ നടക്കുന്ന അക്രമത്തിനും തീവ്രവാദത്തിനുമെതിരേ വിജയപുരം രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും ഇന്നു പ്രത്യേക അനുസ്‌മരണ പ്രാര്‍ഥനയും കരുണയുടെ ജപമാലയും പരിഹാരപ്രദക്ഷിണവും നടത്തും. കത്തോലിക്കാ കോണ്‍ഗ്രസ്‌ രൂപതാ, ഫൊറോന ശാഖകളില്‍ പ്രത്യേക പരിപാടികള്‍ നടത്തും. ഭീകരരുടെ തടവറയില്‍ കഴിയുന്ന ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കുന്നതിനു കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നു യോഗം ആവശ്യപ്പെട്ടു. ലോകത്തിന്റെ പലഭാഗങ്ങളില്‍ മതതീവ്രവാദികള്‍ നടത്തുന്ന ആക്രമണവും ഇന്ത്യന്‍ ദലിത്‌ സഹോദരങ്ങള്‍ക്കെതിരേയുള്ള പീഢനവും മനുഷ്യ മനഃസാക്ഷിക്കേറ്റ അപചയമാണ്‌. വടക്കന്‍ ഫ്രാന്‍സിലെ നോര്‍മന്‍ഡി പട്ടണത്തിലുള്ള ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന ഫാ. ഷാക്‌ ഹാമലിനെ കഴുത്തറത്തുകൊലപ്പെടുത്തിയും ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയതും തെളിക്കുന്നതു സ്‌നേഹവും സഹോദര്യവും നഷ്‌ടപ്പെട്ട ലോകത്തെയാണ്‌. കാരുണ്യത്തിന്റെ മുഖമായി ലോകത്തില്‍ പ്രശോഭിക്കുവാനുള്ള സഭയുടെ ദൗത്യത്തിനു പ്രാധാന്യമേറുന്നുവെന്നും ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ കൂട്ടിച്ചേര്‍ത്തു.