Breaking News

Trending right now:
Description
 
Jul 29, 2016

ഗീത ഗോപിനാഥിന്റെ നിയമനം തിരുത്തണമെന്ന്‌ വിഎസിന്റെ കത്ത്‌

image മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഹാര്‍വഡ്‌ സര്‍വകലാശാലായിലെ പ്രഫ. ഗീത ഗോപിനാഥിനെ നിയമിച്ച തീരുമാനം തിരുത്താന്‍ ഇടപെടണം എന്നാവശ്യപ്പെട്ട്‌ സിപിഎം നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനു കത്തു നല്‍കി. പോളിറ്റ്‌ ബ്യൂറോ ഇടപെട്ട്‌ തിരുത്തണമെന്നാണ്‌ വിഎസിന്റെ ആവശ്യം. സിപിഎം പോളിറ്റ്‌ബ്യൂറോ യോഗം നാളെ ഡല്‍ഹിയില്‍ ചേരാനിരിക്കെയാണ്‌ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ കണ്ട്‌ വിഎസ്‌ കത്തുനല്‍കിയത്‌. തീവ്ര വലതുപക്ഷ സാമ്പത്തിക നയങ്ങളുടെ ശക്തയായ വക്താവായി അറിയപ്പെടുന്ന ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി ഇടതുമുന്നണി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ നിയമിച്ച നടപടി പാര്‍ട്ടിയിലെ ഘടകങ്ങളില്‍ ചര്‍ച്ചയായിരുന്നു. പാര്‍ട്ടിനയത്തിനും നിലപാടുകള്‍ക്കും വിരുദ്ധമായ നിലപാടുകളാണു ഗീത ഗോപിനാഥിന്റേതെന്നു കത്തില്‍ പറയുന്നു. പാര്‍ട്ടിനയത്തിനു വിരുദ്ധ നിലപാട്‌ സ്വീകരിച്ച വ്യക്തിയെ ഇടതുസര്‍ക്കാര്‍ ഉപദേഷ്ടാവാക്കിയ തീരുമാനം പിന്‍വലിക്കണമെന്നു വിഎസ്‌ കത്തില്‍ ആവശ്യപ്പെട്ടു. പിണറായി സര്‍ക്കാരിന്റെ ഒരു പ്രധാന തീരുമാനത്തിനെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തെ വിഎസ്‌ സമീപിക്കുന്നത്‌ ഇത്‌ ആദ്യമാണ്‌.