Breaking News

Trending right now:
Description
 
Jul 28, 2016

ആട്‌ ആന്റണിക്കു ജീവപര്യന്തം കഠിനതടവ്‌

image പാരിപ്പള്ളി പൊലീസ്‌ സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും എസ്‌ഐ കെ.ജോയിയെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്‌ത കേസില്‍ കുപ്രസിദ്ധ മോഷ്‌ടാവ്‌ ആട്‌ ആന്റണിക്കു ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ. കൊലപാതക കുറ്റത്തിനാണ്‌ ജീവപര്യന്തം. ജീവപര്യന്തം ശിക്ഷ ഭാവിയില്‍ ഇളവു ചെയ്യുകയാണെങ്കില്‍ 15 വര്‍ഷം കഠിനതടവ്‌ അനുഭവിക്കണം. വിവിധ വകുപ്പുകളിലായി 4.45 ലക്ഷം രൂപ പിഴയും ചുമത്തണം. ഇതില്‍ രണ്ടുലക്ഷംരൂപവീതം മണിയന്‍പിള്ളയുടെ കുടുംബത്തിനും ജോയിക്കും നല്‍കണം. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പരിക്കേല്‍പ്പിച്ചതിനു മൂന്നു വര്‍ഷം തടവും 25,000 രൂപ പിഴയുമാണു ശിക്ഷ. വ്യാജരേഖ ചമയ്‌ക്കല്‍, വ്യാജരേഖ അറിഞ്ഞുകൊണ്ട്‌ ഒറിജിനലായി ഉപയോഗിക്കല്‍ വകുപ്പുകള്‍ പ്രകാരം ഓരോ വര്‍ഷം വീതം തടവും 20,000 രൂപ വീതം പിഴയുമാണ്‌ ശിക്ഷ. ജില്ലാ സെഷന്‍സ്‌ ജഡ്‌ജി ജോര്‍ജ്‌ മാത്യു ശിക്ഷയായി വിധിച്ചിട്ടുള്ളത്‌. താന്‍ നിരപരാധിയാണെന്നു ആന്റണി അറിയിച്ചെങ്കിലും കോടതി തള്ളി. ആന്റണിയില്‍നിന്നു ഈടാക്കുന്ന തുക തങ്ങള്‍ക്കു വേണ്ടെന്നു മണിയന്‍പിള്ളയുടെ ഭാര്യ സംഗീത പ്രോസിക്യൂട്ടറെ അറിയിച്ചിരുന്നു. 2012 ജൂണ്‍ 26ന്‌ രാത്രി പന്ത്രണ്ടരയോടെയാണ്‌ കേസിനാസ്‌പദമായ സംഭവം. പാരിപ്പള്ളി കുളമട റോഡിലെ ജവാഹര്‍ ജംക്ഷനു സമീപം വാഹനപരിശോധനയ്‌ക്കിടെ എത്തിയ വാന്‍ പൊലീസ്‌ തടഞ്ഞു. വാനിലുണ്ടായിരുന്ന ആന്റണിയെ കണ്ട്‌ സംശയംതോന്നി കസ്‌റ്റഡിയില്‍ എടുത്ത്‌ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോകാന്‍ തുടങ്ങുന്നതിനിടെയാണ്‌ പൊലീസിന്‌ നേരെ ആക്രമണം ഉണ്ടായത്‌. തുടര്‍ന്നു രക്ഷപെട്ട ആന്റണി മൂന്നുഭാര്യമാരില്‍ ഒരാളുമായി കേരളംവിട്ടു. മൂന്നുവര്‍ഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ആന്റണിയെ കോയമ്പത്തൂര്‍ പാലക്കാട്‌ റൂട്ടിലെ ഗോപാലപുരത്തെ വീട്ടില്‍നിന്നു അറസ്റ്റുചെയ്യുകയായിരുന്നു. ആന്റണി മോഷ്ടിച്ചു സൂക്ഷിച്ചിരുന്ന ഒരുകോടി രൂപയോളം വിലയുള്ള സാധനങ്ങളും പൊലീസ്‌ പിടിച്ചെടുത്തിരുന്നു. ശിക്ഷവിധിച്ച ആന്റണിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക്‌ മാറ്റി.