Breaking News

Trending right now:
Description
 
Jul 26, 2016

കലാപത്തിന്‌ ആഹ്വാനം ചെയ്‌ത കോടിയേരിക്കെതിരെ കേസെടുക്കണം: കെ.സുധാകരന്‍

image രാഷ്‌ട്രീയ എതിരാളികളെ വിറപ്പിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയ പ്രസ്‌താവനയിലൂടെ കലാപത്തിന്‌ ആഹ്വാനം ചെയ്യുകയാണെന്നു കോണ്‍ഗ്രസ്‌ നേതാവ്‌ കെ. സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. പ്രവര്‍ത്തകരെ ആയുധമെടുക്കാന്‍ ആഹ്വാനംചെയ്‌ത സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരേ കേസെടുക്കണം. പയ്യന്നൂരില്‍ കോടിയേരി നടത്തിയ പ്രസ്‌താവന തിരുത്തി ജനങ്ങളോടു മാപ്പു പറയണം. സിപിഎം ജില്ലയിലെ പല സ്ഥലങ്ങളിലും ആയുധ പരിശീലനം നടത്തുകയാണ്‌. ആയുധ പരിശീലനത്തോടൊപ്പം ബോംബ്‌ നിര്‍മാണവും തകൃതിയായി നടക്കുന്നുണ്ട്‌. എതിരാളികളെ കൊലപ്പെടുത്താനുള്ള ആയുധ പരിശീലനവും നല്‌കുന്നു. വാഴയ്‌ക്കു ചോക്കിന്റെ മാര്‍ക്കിട്ട്‌ ഒറ്റ വെട്ടിനു മുറിച്ചിടുന്ന രീതിയിലുള്ള പരിശീലനമാണ്‌ അണികള്‍ക്കു നല്‌കുന്നത്‌. കോടിയേരിയുടെ പ്രസംഗം ആപ്പ ഊപ്പ ചട്ടമ്പികളുടേതാണെന്നും സുധാകരന്‍ പറഞ്ഞു. ആക്രമിക്കാന്‍ വരുന്നവരോടു കണക്കുതീര്‍ക്കണമെന്നാണ്‌ പയ്യന്നൂരിലെ പ്രസംഗത്തില്‍ കോടിയേരി അണികള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌. സിപിഎമ്മിനെ ആക്രമിക്കാന്‍ വരുന്നവര്‍ വരുന്നതുപോലെ തിരിച്ചുപോകില്ലെന്നായിരുന്നു കോടിയേരിയുടെ വാക്കുകള്‍. കോടിയേരുടെ ആഹ്വാനത്തിനു പിന്നാലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും രംഗത്തുവന്നിരുന്നു. ആക്രമത്തിനു വരുന്നവര്‍ അക്രമം നടത്തി സന്തോഷത്തോടെ തിരിച്ചുപോകരുതെന്നും ഇനി ആക്രമിക്കാന്‍ തോന്നാത്ത നിലയില്‍ ജനങ്ങളുടെ ഭാഗത്തുനിന്നു ചെറുത്തുനില്‍പ്പ്‌ ഉണ്ടാകണമെന്നുമാണ്‌ ജയരാജന്‍ പറഞ്ഞത്‌. കോടിയേരിയുടെ വിവാദ പ്രസംഗത്തെക്കുറിച്ചുള്ള പ്രതികരണത്തിലായിരുന്നു ജയരാജന്‍ ഇക്കാര്യം പരാമര്‍ശിച്ചത്‌.