Breaking News

Trending right now:
Description
 
Jul 26, 2016

ആര്‍ച്ച്‌ ബിഷപ്‌ മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍ അഭിഷിക്തനായി

image ഭക്തിസാന്ദ്രമായ പ്രാര്‍ഥനകളുടെയും സങ്കീര്‍ത്തന ആലാപനങ്ങളുടെയും മധ്യേ പാപുവ ന്യൂഗിനിയുടെ അപ്പസ്‌തോലിക്‌ നുണ്‍ഷ്യോയും റാസ്സിയാറിയായുടെ സ്ഥാനിക മെത്രാപ്പോലീത്തയുമായി മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍ അഭിഷിക്തനായി. ക്‌നാനായ കത്തോലിക്കാ അതിരൂപതയുടെ ആസ്ഥാനമായ കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രലില്‍ തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞു നടന്ന തിരുക്കര്‍മങ്ങള്‍ക്ക്‌ ആര്‍ച്ച്‌ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌ മുഖ്യകാര്‍മികത്വം വഹിച്ചു. കരുണയുടെ വര്‍ഷത്തില്‍ കേരളസഭയ്‌ക്കു ഫ്രാന്‍സിസ്‌ മാര്‍പാപ്പ നല്‍കിയ വലിയ ആദരവിനും അംഗീകാരത്തിനും സാക്ഷ്യം വഹിക്കാന്‍ സഭാ തലവന്‍മാരും അപ്പസ്‌തോലിക്‌ നണ്‍ഷ്യേച്ചറുകളില്‍ നിന്നുള്ള പ്രതിനിധികളും വിവിധ രൂപതാധ്യക്ഷന്‍മാരും ഉള്‍പ്പെടെ ആയിരക്കണക്കിനു വിശ്വാസികള്‍ കത്തീഡ്രലില്‍ പ്രാര്‍ഥനാനിര്‍ഭരരായി ഒത്തുചേര്‍ന്നു. ഈജിപ്‌തിലെ മുന്‍ നുണ്‍ഷ്യോ ആര്‍ച്ച്‌ബിഷപ്‌ ഡോ. മൈക്കിള്‍ ലൂയിസ്‌ ഫിറ്റ്‌സ്‌ജെറാള്‍ഡും സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്‌ ഡോ. തിയഡോര്‍ മസ്‌കരേനാസും സഹകാര്‍മികരായി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്‌ബിഷപ്‌ സാല്‍വത്തോറെ പെനാക്കിയോയുടെ അനുമോദന സന്ദേശം മോണ്‍. ഹെന്‍ട്രിക്‌ ജഗോദ്‌സിന്‍സ്‌കി വായിച്ചു. അതിരൂപതാ ചാന്‍സലര്‍ റവ.ഡോ. തോമസ്‌ കോട്ടൂര്‍ പരിഭാഷപ്പെടുത്തി. കോട്ടയം അതിരൂപതാ ആസ്ഥാനത്തുനിന്നു മാര്‍ കുര്യന്‍ വയലുങ്കലിനെ പ്രദക്ഷിണമായി കത്തീഡ്രല്‍ ദേവാലയത്തിലേക്ക്‌ ആനയിച്ചതോടെയാണ്‌ ശുശ്രൂഷകള്‍ക്ക്‌ തുടക്കമായത്‌. അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ ആമുഖ പ്രഭാഷണം നടത്തി. സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ വിശുദ്ധ കുര്‍ബാനമധ്യേ വചനസന്ദേശം നല്‍കി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റും തിരുവനന്തപുരം ആര്‍ച്ച്‌ബിഷപ്പുമായ ഡോ. എം. സൂസപാക്യം എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി.