Breaking News

Trending right now:
Description
 
Jul 22, 2016

കബാലി തീയറ്ററുകളില്‍ എത്തി; വന്‍ എതിരേല്‍പ്പ്‌: തമിഴ്‌നാട്ടില്‍ അവധിപ്രഖ്യാപിച്ചു

image സ്റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം കബാലി വെള്ളിയാഴ്‌ച രാജ്യമൊട്ടാകെ പ്രദര്‍ശനത്തിന്‌ എത്തി. എല്ലാ തിയറ്ററുകളിലും വന്‍വരവേല്‍പ്പാണ്‌ ചിത്രത്തിന്‌ ലഭിച്ചിരിക്കുന്നത്‌. കേരളത്തി 306 തിയറ്റുകളിലാണ്‌ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്‌. ദിവസേന 2000 പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. എല്ലാ റിലീസിങ്‌ കേന്ദ്രങ്ങളിലും ഫാന്‍സ്‌ അസോസിയേഷനുകളുടെ നേതൃത്വത്തില്‍ വന്‍ ആഘോഷവുമുണ്ട്‌. രജനിയുടെ കട്ടൗട്ടില്‍ പാലഭിഷേകം, പുഷ്‌പാഭിഷേകം തുടങ്ങിയവ ആരാധകര്‍ നടത്തി. രാവിലെ മുതല്‍ ചെണ്ടമേളം എല്ലാ തിയറ്ററുകളിലും ഒരുക്കിയിട്ടുണ്ടെന്നു ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ മാക്‌സ്‌ ലാബ്‌ വ്യക്തമാക്കി. 120 കോടി മുതല്‍മുടക്കുള്ള ചിത്രമാണ്‌ കബാലി. സിനിമയുടെ റിലീസിംഗുമായി ബന്ധപ്പെട്ടു തമിഴ്‌നാട്ടില്‍ ഇന്നു പലേടത്തും അവധി പ്രഖ്യാപിച്ചു. തിരക്കും ബഹളവും കണക്കിലെടുത്തു സ്‌കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്‌. തമിഴ്‌നാട്ടില്‍ രണ്ടായിരത്തിലേറെ തീയറ്ററുകളിലാണ്‌ കബാലി പ്രദര്‍ശനത്തിന്‌ എത്തിയിരിക്കുന്നത്‌. 500-1000 രൂപയാണ്‌ ആദ്യദിവസ പ്രദര്‍ശനത്തിനുള്ള ഔദ്യോഗിക ടിക്കറ്റ്‌ നിരക്ക്‌. പുലര്‍ച്ചെ നാലിനാണ്‌ ചെന്നൈയിലെ തീയറ്ററുകളിലെ ആദ്യ പ്രദര്‍ശനം നടന്നത്‌. ആദ്യ മൂന്നുദിവസങ്ങളില്‍ എല്ലാ തിയറ്ററുകളിലും പ്രത്യേക പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. രജി ആരാധകര്‍ കൂട്ടത്തോടെ അവധിക്ക്‌ അപേക്ഷിച്ചതോടെ ചില ഐടി കമ്പനികള്‍ തമിഴ്‌നാട്ടില്‍ ഇന്നു പ്രവര്‍ത്തനം വേണ്ടെന്നുവച്ചു. ആദ്യ ഷോയില്‍ തന്നെ ചിത്രം കാണാനാണ്‌ പലരും അവധിക്ക്‌ അപേക്ഷിച്ചിരിക്കുന്നത്‌. തമിഴ്‌നാട്ടില്‍ മാത്രമല്ല ചിത്രം റിലീസ്‌ ചെയ്യുന്ന പല നഗരങ്ങളിലും ആരാധകരുടെ വന്‍തിരക്കാണ്‌ തിയറ്ററുകളിലെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. ഇതിനിടെ, കബാലിയുടെ സെന്‍സര്‍ പതിപ്പ്‌ നെറ്റില്‍ പ്രചരിച്ചതായ വാര്‍ത്ത ആരാധകരെയും അണിയറക്കാരെയുമൊക്കെ ആശങ്കയിലാക്കിയിരിക്കുകയാണ്‌.