Breaking News

Trending right now:
Description
 
Jul 21, 2016

വജ്രജൂബിലിവര്‍ഷത്തിളക്കത്തില്‍ വൈ.എം.സി.എ ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ് ജൂലൈ 22 മുതല്‍

image ആലപ്പുഴ: വജ്രജൂബിലിവര്‍ഷത്തിളക്കത്തില്‍ വൈ.എം.സി.എ-ഓള്‍ കേരള ഓപ്പണ്‍ പ്രൈസ് മണി ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റിന് 2016 ജൂലൈ 22-നു വെള്ളിയാഴ്ച ആവേശമേറിയ തുടക്കം. അറുപതു വര്‍ഷം തുടര്‍ച്ചയായി നടത്തിവരുന്ന സംസ്ഥാടിസ്ഥാനത്തിലുള്ള കേരളത്തിലെ ഏറ്റവും പഴക്കം ചെന്നതും പ്രമുഖവുമായ റാങ്കിംഗ് ടൂര്‍ണമെന്റാണിത്. ഈ ടൂര്‍ണമെന്റോടു കൂടിയാണ് ഈ വര്‍ഷത്തെ മത്സര സീസണ്‍ ആരംഭിക്കുന്നത്.
മൂന്നു ദിവസം നീളുന്ന ടൂര്‍ണമെന്റില്‍ വിവിധ ജില്ലകളില്‍ നിന്നായി മുന്നൂറോളം കളിക്കാര്‍ പങ്കെടുക്കും. അന്താരാഷ്ട്ര നിലവാരമുള്ള ഇന്‍ഡോര്‍ കോര്‍ട്ടില്‍ ആറു ടേബിളുകളിലായി ഒരേസമയം മത്സരം നടത്താന്‍ സൗകര്യമുണ്ട്. എ.വൈ.ടി.ടി.എയാണ് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നത്. കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍, ആലപ്പുഴ ജില്ലാ ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ടൂര്‍ണമെന്റ്.

ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം 22-നു ഉച്ചകഴിഞ്ഞു മൂന്നിന് പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കുമെന്നു ജനറല്‍ കണ്‍വീനര്‍ മൈക്കിള്‍ മത്തായി അറിയിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഡോ.പി.കുരിയപ്പന്‍ വര്‍ഗീസ് അധ്യക്ഷത വഹിക്കും. കെ.ടി.ടി.എ പ്രസിഡന്റ് എസ്.എ.എസ് നവാസ്, ജോണ്‍സ് അംബ്രല എം.ഡി ഡോ.ഏബ്രഹാം തയ്യില്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.സുരേഷ് സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ജോണ്‍ ജോര്‍ജ് നന്ദിയും പറയും.
മെന്‍, വിമന്‍, യൂത്ത് ബോയ്‌സ്, യൂത്ത് ഗേള്‍സ്, ജൂണിയര്‍ ബോയ്‌സ്, ജൂണിയര്‍ ഗേള്‍സ്, സബ് ജൂണിയര്‍ ബോയ്‌സ്, സബ് ജൂണിയര്‍ ഗേള്‍സ്, കേഡറ്റ് ബോയ്‌സ്, കേഡറ്റ് ഗേള്‍സ്, മിനി കേഡറ്റ് ബോയ്‌സ്, മിനി കേഡറ്റ് ഗേള്‍സ്, വെറ്ററന്‍ വിഭാഗങ്ങളിലാണ് മത്സരം. എല്ലാം സിംഗിള്‍സ് മത്സരമാണ്. പ്രൈസ് മണിയോടൊപ്പം പുരുഷ വിഭാഗം വിജയിക്ക് ഇ.ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ട്രോഫി, വനിതാ വിഭാഗം വിജയിക്ക് ജിബു ജേക്കബ് വര്‍ഗീസ് മെമ്മോറിയല്‍ ട്രോഫി, ജൂണിയര്‍ ബോയ്‌സ് വിഭാഗം വിജയിക്ക് ഡോ. ജേക്കബ് ജോണ്‍ പട്ടമുക്കില്‍ ട്രോഫി, യൂത്ത് ബോയ്‌സ് വിഭാഗം വിജയിക്ക് എം.വി.ജോസഫ് മലയാംപുറം ട്രോഫി, യൂത്ത് ഗേള്‍സ് വിഭാഗം വിജയിക്ക് തോമസ് ജോസഫ് ആന്‍ഡ് ആലപ്പാട്ട് ജോര്‍ജ് ജയിംസ് ട്രോഫി, ജൂണിയര്‍ ഗേള്‍സ് വിഭാഗം വിജയിക്ക് പനയ്ക്കല്‍ ആന്റണി പീറ്റര്‍ ആന്‍ഡ് മേരി പീറ്റര്‍ ട്രോഫി എന്നിവയും സമ്മാനിക്കും. 

 ഫോട്ടോ:
ആലപ്പുഴ വൈ.എം.സി.എ-അറുപതാമത് ഓള്‍ കേരള ഓപ്പണ്‍ പ്രൈസ് മണി ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കളിക്കാര്‍ അന്താരാഷ്ട്ര നിലവാരമുള്ള ഇന്‍ഡോര്‍ കോര്‍ട്ടില്‍ പരിശീലനം നടത്തുന്നു.