Breaking News

Trending right now:
Description
 
Jul 20, 2016

മൈക്രോഫിനാന്‍സ്‌ തട്ടിപ്പ്‌: വെള്ളാപ്പള്ളിക്ക്‌ നേരിട്ട്‌ പങ്ക്‌

image മൈക്രോ ഫിനാന്‍സ്‌ തട്ടിപ്പുകേസില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു നേരിട്ടു പങ്കുണ്ടെന്നു വിജിലന്‍സിന്റെ പ്രഥമവിവര റിപ്പോര്‍ട്ട്‌ (എഫ്‌ഐആര്‍). പിന്നാക്ക വികസന കോര്‍പറേഷന്‍ നല്‍കിയ പണം വഴിവിട്ടു ചെലവഴിച്ചു. വ്യാജവിനിയോഗ സര്‍ട്ടിഫിക്കറ്റ്‌ നില്‍കി. ഒരേവിനിയോഗപ്പട്ടികവച്ചു മൂന്നു സംഘങ്ങള്‍ക്കു പണം അനുവദിച്ചു തുടങ്ങിയ കുറ്റങ്ങളും വെള്ളാപ്പള്ളിക്കെതിരെ ചുമത്തിയിട്ടുണ്ട്‌. ഉദ്യോഗസ്ഥതല ഗൂഢാലോചനയ്‌ക്കും വ്യക്തമായ തെളിവുണ്ടെന്നു തിരുവനന്തപുരം വിജിലന്‍സ്‌ കോടതിയില്‍ നല്‍കിയ എഫ്‌ഐആറില്‍ പറയുന്നു. സാമ്പത്തിക ക്രമക്കേടും പണാപഹരണവുമാണു വെള്ളാപ്പള്ളിക്കെതിരേ വിജിലന്‍സ്‌ ആരോപിക്കുന്നത്‌. 2004 മുതല്‍ 2014വരെ 15.85 കോടി രൂപ വെള്ളാപ്പള്ളി കൈപ്പറ്റുകയും വായ്‌പത്തുക പൂര്‍ണമായി വിതരണം ചെയ്‌തില്ലെന്നും വിജിലന്‍സ്‌ പറയുന്നു. വായ്‌പനല്‍കിയെന്ന രേഖകള്‍ കൃത്രിമമായുണ്ടാക്കി കോര്‌പ്പറേഷനു സമര്‍പ്പിച്ചു. സാമ്പത്തിക ക്രമക്കേടു നടത്താന്‍ കീഴ്‌ഘടകങ്ങളെ അനുവദിച്ചു. എസ്‌എന്‍ഡിപി ശാഖകളുടെ കെട്ടിട നിര്‍മാണത്തിനും പണം വിനിയോഗിച്ചുവെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നുണ്ട്‌. 2004 നവബര്‍ 20ന്‌ അനുവദിച്ച ഒരു കോടിയുടെ വായ്‌പാ വിനിയോഗ ലിസ്റ്റ്‌ വ്യാജമാണ്‌. 2014വരെ ഒരു അന്വേഷണവും കോര്‍പറേഷന്‍ നടത്തിയിട്ടില്ല. ഉദ്യോഗസ്ഥ ഗൂഢാലോചനയും സാമ്പത്തിക ക്രമക്കേടും മൂലം പിന്നാക്ക വിഭാഗക്കാര്‍ക്ക്‌ കുറഞ്ഞ നിരക്കില്‍ ലഭിക്കേണ്ട വായ്‌പയാണു നഷ്ടമായതെന്ന്‌ എഫ്‌ഐആറില്‍ വിജിലന്‍സ്‌ പറയുന്നു. അനുവദിച്ച പണം പൂര്‍ണായും വിതരണം ചെയ്‌തിട്ടുണ്ടോയെന്ന്‌ പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എംഡിമാരായ എം. നജീബും, ദിലീപ്‌കുമാറും പരിശോധിച്ചില്ലെന്നും വിജിലന്‍സ്‌ ചൂണ്ടിക്കാട്ടുന്നു. വെള്ളാപ്പള്ളി ഉള്‍പ്പെടെ അഞ്ചു പേരാണു കേസില്‍ പ്രതികള്‍.