Breaking News

Trending right now:
Description
 
Jul 20, 2016

ഔദ്യോഗിക പ്രഖ്യാപനം: ട്രംപ്‌ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി

image യുഎസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ്‌ ട്രംപ്‌ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി. ക്ലീവ്‌ലന്‍ഡില്‍ നടന്ന ചതുര്‍ദിന റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. ഇന്ത്യാന ഗവര്‍ണര്‍ മൈക്ക്‌ പെന്‍സിനെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയായും കണ്‍വന്‍ഷന്‍ തിരഞ്ഞെടുത്തു. ഒരുവര്‍ഷം നീണ്ടുനിന്ന പ്രൈമറികളും കോക്കസുകളിലുംനിന്ന്‌ 16 പേരെ പിന്തള്ളിയാണ്‌ എഴുപതുകാരനായ ട്രംപ്‌ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്‌. ട്രംപിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലിനും ഇറങ്ങിപ്പോക്കലിനും കണ്‍വന്‍ഷന്‍ വേദിയായി. സ്ഥാനാര്‍ഥിത്വത്തിന്‌ ആവശ്യമായ 1237 വോട്ടുകള്‍ നേടിയാണ്‌ ട്രംപ്‌ തിരഞ്ഞെടുക്കപ്പെട്ടത്‌. തിരഞ്ഞെടുപ്പില്‍ ശക്തമായി പോരാടുമെന്നും നിങ്ങളുടെ പ്രതീക്ഷയ്‌ക്ക്‌ ഭംഗംവരുത്തില്ലെന്നും ട്രംപ്‌ പിന്നീട്‌ ട്വിറ്ററില്‍ കുറിച്ചു.

50 സംസ്ഥാനങ്ങളില്‍നിന്നായി 5000 പ്രതിനിധികളാണ്‌ കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്‌. ട്രംപിന്റെ നോമിനേഷന്‍ തടയാന്‍ ട്രംപ്‌ വിരുദ്ധര്‍ കണ്‍വന്‍ഷനില്‍ ശ്രമിച്ചെങ്കിലും അട്ടിമറി ശ്രമം നടന്നില്ല. ട്രംപിനെതിരേ ആവശ്യമെങ്കില്‍ വോട്ടു ചെയ്യാന്‍ ഡെലിഗേറ്റുകളെ അനുവദിക്കുന്ന തരത്തില്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന വിമതരുടെ ആവശ്യം ശബ്ദവോട്ടോടെ തള്ളി. അമേരിക്കയുടെ ഭൂമിശാസ്‌ത്രപരമായുള്ള രാഷ്ട്രീയ സഖ്യകക്ഷിയാണ്‌ ഇന്ത്യയെന്ന്‌ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു തൊട്ടുമുമ്പ്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പുറത്തുവിട്ട പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരുന്നു. നവംബര്‍ എട്ടിനാണ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌. ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ ഹില്ലരി ക്ലിന്റണും ട്രംപിനെതിരെ മത്സരരംഗത്തുണ്ട്‌. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കാര്യമായ രാഷ്ട്രീയ പശ്ചാത്തലമില്ലാതെ അമേരിക്കന്‍ പ്രസിഡന്റ്‌ പദവിയിലെത്തുന്ന ആദ്യവ്യവസായിയായി മാറും ട്രംപ്‌. റിയല്‍ എസ്റ്റേറ്റ്‌ രംഗത്തു പ്രവര്‍ത്തിച്ചിരുന്ന ട്രംപ്‌ ഒരുവര്‍ഷം മുമ്പാണ്‌ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്‌.