Jul 19, 2016
മന്ത്രിസഭാ തീരുമാനങ്ങള്‍ മറച്ചുവയ്ക്കില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ ഉത്തരവിറങ്ങിയാല്‍ ഉടന്‍ വിവരാവകാശ നിയമപ്രകാരം പുറത്തു വിടുമെന്ന് പിണറായി വിജയന്. ഇതുസംബന്ധിച്ച് വ്യക്തതയ്ക്ക് വേണ്ടിയാണ് കോടതിയെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയനോട്ടീസിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മന്ത്രിസഭാ തീരുമാനങ്ങള്‍ മറച്ചുവയ്ക്കുവാന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ തീരുമാനങ്ങള്‍ സംബന്ധിച്ച് 48 മണിക്കൂറിനകം ഉത്തരവിറങ്ങും. ഉത്തരവിറങ്ങിയാല്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ തീരുമാനങ്ങള്‍ ലഭ്യമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉത്തരവ് ആയാല്‍ മാത്രമേ വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ കൈമാറുവാന്സാധിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന ഉത്തരവ് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ് വി ഡി സതീശന് എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന വിമര്‍ശനമാണ് വി ഡി സതീശന് ഉന്നയിച്ചത്.അടിയന്തര പ്രമേയത്തിന് മറുപടി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.