Breaking News

Trending right now:
Description
 
Jul 19, 2016

കാവാലത്തിനു ഗുരുദക്ഷിണയുമായി മഞ്‌ജുവാര്യര്‍ നാടകവേദിയില്‍

image അന്തരിച്ച നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ക്കു പ്രണാമങ്ങളുമായി നടി മഞ്‌ജുവാര്യര്‍ നാടകവേദിയില്‍ അരങ്ങേറ്റംകുറിച്ചു. കാവാലത്തിന്റെ നാടകകളരിയായ സോപാനം അവതരിപ്പിച്ച അഭിജ്ഞാന ശാകുന്തളം സംസ്‌കൃത നാടകത്തില്‍ ശകുന്തളയായാണു മഞ്‌ജു വേദിയിലെത്തിയത്‌. ഈ നാടകത്തിന്റെ പരിശീലന ഒരുക്കങ്ങള്‍ക്കിടെയായിരുന്നു കാവാലത്തിന്റെ അന്ത്യം. കാവാലത്തിന്റെ മകന്‍ കാവാലം ശ്രീകുമാറിന്റെ ശ്ലോകാവതരണത്തോടെയാണ്‌ നാടകം ആരംഭിച്ചത്‌. ശകുന്തളയുടെയും ദുഷ്യന്തന്റെയും പ്രണയും വിരഹവും പുനസമാഗമവും കാവാലത്തിന്റെ രംഗവ്യഖ്യാനത്തില്‍ കാണികളുടെ ഹൃദയം കവര്‍ന്നു. ശകുന്തളയായി നടി മഞ്‌ജു വാര്യര്‍ അരങ്ങു തകര്‍ത്തപ്പോള്‍ ദുഷ്യന്തനായി അരങ്ങിലെത്തിയത്‌ ഗിരീഷ്‌ സോപാനം. സംസ്‌കൃത നാടകത്തില്‍ നായികയായുള്ള മഞ്‌ജുവിന്റെ അരങ്ങേറ്റം കൂടിയായിരുന്നു കാവാലത്തിന്റെ ശാകുന്തളമെന്നതും പുതുമ പകരുന്നതായി.ഇന്ത്യയിലും വിദേശത്തുമുള്ള വേദികളില്‌ നേരത്തെ കാവാലത്തിന്റെ നേതൃത്വത്തില്‍ അഭിജ്ഞാന ശാകുന്തളം അവതരിപ്പിച്ചിരുന്നു. ഒരുമാസത്തോളം കഠിനപ്രയത്‌നം നടത്തിയാണ്‌ മഞ്‌ജുവാര്യര്‍ വേദിയിലെത്തിയത്‌. ശിവകുമാര്‍, കോമളന്‍ നായര്‍, മോഹിനി, കൃഷ്‌ണ, കീര്‍ത്തന, മണികണ്‌ഠന്‍, ശ്രീകാന്ത്‌, ഷാരോണ്‍, രഘു, പ്രവീണന്‍ എന്നിവരായിരുന്നു മറ്റഭിനേതാക്കള്‍. മഹാകവി കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തിന്‌ കാവാലം ചമച്ച പരിപ്രേക്ഷ്യം ആസ്വദിക്കാന്‍ തിരുവനന്തപുരത്തെ വഴുതക്കാട്‌ ടാഗോര്‍ തിയറ്ററില്‍ സാംസ്‌കാരിക നായകന്മാര്‍ ഉള്‍പ്പെടെയുള്ള പ്രൗഡ ഗംഭീരമായ സദസുമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കാവാലത്തിന്റെ സഹധര്‍മിണി ശാരദാമണിയും ചേര്‍ന്നാണ്‌ നാടകാവതരണത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌.