Breaking News

Trending right now:
Description
 
Jul 18, 2016

'വിശുദ്ധരോടൊപ്പം ചേര്‍ന്നു ജീവിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ ജീവിക്കുന്ന തിരുശേഷിപ്പുകള്‍'

TMK
image ചെക്കിടിക്കാട്, ആലപ്പുഴ: വിശുദ്ധരോടൊപ്പം ഒന്നുചേര്‍ന്നു പ്രാര്‍ഥനാപൂര്‍വം ജീവിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ വിശുദ്ധരുടെ ജീവിക്കുന്ന തിരുശേഷിപ്പുകളാണെന്നു പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ ദേവാലയ വികാരി ഫാ.ജോര്‍ജ് കൊച്ചുപറമ്പില്‍.

കാട്ടുങ്കലില്‍ സംഘടിപ്പിച്ച കരിക്കംപള്ളില്‍ ചിന്നമ്മ ജോസഫിന്റെ 99-ാം ജന്മദിനാഘോഷ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു വികാരി. ഇന്ത്യയില്‍ നിന്നു വിശുദ്ധ പദവിയിലേക്കു ഉയര്‍ത്തപ്പെട്ട പ്രഥമ കന്യാസ്ത്രീയായ അല്‍ഫോന്‍സാമ്മയുടെ ചെറുപ്പകാലത്തെ സ്‌നേഹിതയായിരുന്നു ചിന്നമ്മ. അല്‍ഫോന്‍സാമ്മയുമായുള്ള അടുപ്പവും പ്രാര്‍ഥനയുമാണ് തന്റെ ദീര്‍ഘായുസിനും ഇതുവരെയുള്ള ആരോഗ്യത്തിനും കാരണമെന്നു എല്ലാവരും അമ്മാമ്മയെന്നു വിളിക്കുന്ന ചിന്നമ്മ ഉറച്ചുവിശ്വസിക്കുന്നു.

സിസ്റ്റര്‍ ജോര്‍ജിറ്റ എസ്.ഡി പൊന്നാടയണിയിച്ചു. കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബയോഗം പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍, സെക്രട്ടറി മാത്യു സഖറിയാസ്, ജേക്കബ് ചാക്കോ, ജേക്കബ് ആന്റണി, ജയിംസ് ജോസഫ്, മേഴ്‌സി അലോഷ്യസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അനു അലോഷ്യസ് സ്വാഗതവും ജോ തോമസ് നന്ദിയും പറഞ്ഞു.

കുട്ടനാട്ടിലെ പ്രമുഖ കര്‍ഷകനും പൊതുപ്രവര്‍ത്തകനുമായിരുന്ന പരേതനായ ജോസഫ് തോമസിന്റെ (വാവച്ചന്‍) ഭാര്യയാണ് ചങ്ങാനാശേരി വാഴപ്പള്ളി പടിഞ്ഞാറെക്കളം കുടുംബാംഗമായ ചിന്നമ്മ. എടത്വ പഞ്ചായത്തിലേക്കു നടന്ന പ്രഥമ തെരഞ്ഞെടുപ്പില്‍ വാവച്ചന്‍ മത്സരിച്ചു വിജയിച്ചിരുന്നു. മക്കള്‍: ചാക്കോച്ചന്‍, അമ്മിണി, തെറമ്മ, ജോണിച്ചന്‍, മാത്തുക്കുട്ടി, ളൂയിച്ചന്‍, പരേതരായ അപ്പച്ചന്‍, തങ്കമണി, ജോര്‍ജുകുട്ടി, തങ്കമ്മ.


ഫോട്ടോ:

ആലപ്പുഴ ചെക്കിടിക്കാട് കരിക്കംപള്ളില്‍ ചിന്നമ്മ ജോസഫിന്റെ 99-ാം ജന്മദിനാഘോഷ സമ്മേളനത്തില്‍ സിസ്റ്റര്‍ ജോര്‍ജിറ്റ എസ്.ഡി പൊന്നാട അണിയിക്കുന്നു. അധ്യക്ഷന്‍ പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ ദേവാലയ വികാരി ഫാ.ജോര്‍ജ് കൊച്ചുപറമ്പില്‍ സമീപം.