Jul 14, 2016
പയ്യന്നൂര്‍ ധനരാജ് കൊലപാതകം: രണ്ടുപേര്‍ പിടിയില്‍
കണ്ണൂര്‍ പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനായ രാമന്തളി കുന്നുരുവില്
ധനരാജിനെ (38) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ പൊലീസ് പിടികൂടി.
ഇവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
വൈകുന്നേരം അറസ്റ്റ് രേഖപ്പെടുത്തും. ഇതിനുശേഷമേ ഇവര്‍ ഏതെങ്കിലും
പാര്‍ട്ടിയില്‍ പെട്ടവരാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍
പുറത്തുവിടുകയുള്ളൂ. തിങ്കളാഴ്ച രാത്രിയിലാണ് ധനരാജ്
വീട്ടുമുറ്റത്തുവച്ച് കൊല്ലപ്പെട്ടത്. മൂന്നു ബൈക്കുകളിലെത്തിയ
മുഖംമൂടിധാരികളായവരാണ് ആക്രമണം നടത്തിയതെന്നുപറയുന്നു. ബൈക്കിലെത്തിയ
ധനരാജനെ പിന്തുടര്ന്ന് എത്തിയ സംഘം വീട്ടുകാരുടെ മുന്നില്വച്ച്്
വെട്ടിവീഴ്ത്തുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ ധനരാജിനെ പരിയാരം
മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍
കഴിഞ്ഞില്ല. ആക്രമി സംഘത്തില്‍ ആറ് പേരുണ്ടായിരുന്നുവെന്നാണ് സിപിഎം
കേന്ദ്രങ്ങള്‍ പറയുന്നത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ
വില്ലേജ് സെക്രട്ടറിയുമായിരുന്നു കൊല്ലപ്പെട്ട ധനരാജ്. ധനരാജന്
കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ അന്നൂരില്‍ ബിഎംഎസ്
പ്രവര്ത്തകന് സി.കെ.രാമചന്ദ്രനെയും വീട്ടുകാരുടെ മുന്നില്‍വച്ച്
വെട്ടിക്കൊന്നു. തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ പയ്യന്നൂരില്‍ വ്യാപക
ആക്രമണങ്ങളും നടത്തി. ധനരാജിനെ ബിജെപിക്കാര്‍ കൊലപ്പെടുത്തിയതിലുള്ള
വിരോധത്തിലാണ് ബിജെപിക്കാരനായ രാമചന്ദ്രന് വധിക്കപ്പെടാന്‍ ഇടയായതെന്നു
നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.
കണ്ണൂരില്‍ പി.ജയരാജനാണു പൊലീസ് ഭരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കണ്ണൂരിലെ എല്ലാ അക്രമണങ്ങള്‍ക്കു
പിന്നിലും സിപിഎം ഒരുഭാഗത്തുണ്ടെന്ന് ഒ.രാജഗോപാല്‍ ആരോപിച്ചു.