Jul 13, 2016
ജിഷവധക്കേസ് നടപടികള്‍ ഇനി എറണാകുളം സെഷന്‍സ് കോടതിയില്‍
പെരുമ്പാവൂര്‍ ജിഷ വധക്കേസ് കുറുപ്പുംപടി മജിസ്ട്രേറ്റ് കോടതിയില്‍
നിന്ന് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റി. പട്ടിക ജാതി പീഡന
നിരോധന നിയമപ്രകാരമാണ് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. ഇന്നു
രാവിലെ കുറുംപ്പുംപടി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ച
പ്രതി അമിറുള്‍ ഇസ്ലാമിനെ കോടതിമാറ്റ നടപടികള്‍ക്കുശേഷം എറണാകുളം
സെഷന്‍സ് കോടതിയിലേക്ക് കൊണ്ടുപോയി. കേസില്‍ ഇതുവരെയുള്ള എല്ലാ രേഖകളും
സെഷന്‍സ് കോടതിക്കു കൈമാറി. ഇനി കുറ്റപത്രം സമര്‍പ്പിക്കുന്നതും വിചാരണ
നടപടികള്‍ നടക്കുന്നതും സെഷന്‍സ് കോടതിയിലായിരിക്കും. സെഷന്‍സ്
കോടതിയില്‍ ഹാജരാക്കിയ പ്രതിയുടെ റമാന്‍ഡ് കാലാവധി ഈ മാസം 27 വരെ നീട്ടി.
ജഡ്ജി എന്‍.അനില്‍കുമാറാണ് കേസ് പരിഗണിച്ചത്. പ്രതിക്ക് അസമിലുള്ള
ബന്ധുക്കളുമായി സംസാരിക്കാന്‍ അനുമതി വേണമെങ്കില്‍ പ്രത്യേകം അപേക്ഷ
നല്‍കണമെന്നും അപ്പോള്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക്
ബന്ധുക്കളുമായി സംസാരിക്കാന്‍ അനുമതി നല്‍കണമെന്ന് അമിറുളിന്റെ അഭിഭാഷകന്
ആവശ്യപ്പെട്ടിരുന്നു. പട്ടികജാതി നിയമവിദ്യാര്‍ഥിനിയായ ജിഷയെ
വീടിനുള്ളില്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.