Breaking News

Trending right now:
Description
 
Jul 12, 2016

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; പയ്യന്നൂരില്‍ ഇന്നു ഹര്‍ത്താല്‍

image പയ്യന്നൂരില്‍ കുന്നരു കാരന്താട്ടെ സിപിഎം പ്രവര്‍ത്തകനെ രാത്രി വീട്ടുമുറ്റത്തുവച്ചു സംഘം ചേര്‍ന്നു വെട്ടിക്കൊന്നു. പരേതനായ മന്ദ്യത്ത്‌ കൃഷ്‌ണന്‍-തുളേരി വീട്ടില്‍ മാധവി ദമ്പതികളുടെ മകന്‍ സി.വി. ധനരാജ്‌ (44) ആണ്‌ മരിച്ചത്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ സിപിഎം പയ്യന്നൂര്‍ അസംബ്ലി മണ്ഡലത്തില്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ രാവിലെ ആറിന്‌ തുടങ്ങി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്‌. വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍. കണ്ണൂര്‍ റേഞ്ച്‌ ഐജി ദിനേന്ദ്ര കശ്യപ്‌, തളിപ്പറമ്പ്‌ ഡിവൈഎസ്‌പി അരവിന്ദാക്ഷന്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തിങ്കളാഴ്‌ച രാത്രി പത്തരയോടെയാണ്‌ ധനരാജ്‌ കൊല്ലപ്പെട്ടത്‌. ജോലി കഴിഞ്ഞു ബൈക്കില്‍ വീട്ടിലെത്തിയ ഉടനെയായിരുന്നു ആക്രമണം. മൂന്നു ബൈക്കുകളിലായി എത്തിയ ആക്രമികളുടെ വെട്ടേറ്റു ധനരാജ്‌ മുറ്റത്തുകുഴഞ്ഞുവീണു. അക്രമസമയത്ത്‌ ധനരാജിന്റെ വീട്ടിലുള്ള സ്‌ത്രീകളടക്കമുള്ളവരുടെ നിലവിളി കേട്ട്‌ സമീപവാസികള്‍ ഓടിക്കൂടിയെങ്കിലും അക്രമികള്‍ ആളുകളെ വടിവാള്‍ വീശി ഓടിക്കുകയായിരുന്നു. ധനരാജിനെ അക്രമിസംഘം ഉപേക്ഷിച്ചുപോയശേഷമാണ്‌ സമീപവാസികള്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്‌. സംഭവത്തിനു പിന്നില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരാണെന്ന്‌ സിപിഎം ആരോപിച്ചു. രാത്രി വൈകി പ്രദേശത്തെ ആര്‍എസ്‌എസ്‌-ബിഎംഎസ്‌ പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ അക്രമം നടന്നതായി ബിജെപി നേതൃത്വം ആരോപിച്ചു.