Breaking News

Trending right now:
Description
 
Jul 10, 2016

കൈക്കൂലി കേസില്‍ പെടുന്ന പൊലീസിന്‌ അഴിയെണ്ണേണ്ടിവരുമെന്ന്‌ ഡിജിപി

image കൈക്കൂലി കേസില്‍ പിടിക്കപ്പെട്ടാല്‌ പൊലീസ്‌ ഉദ്യോഗസ്ഥന്മാര്‍ക്ക്‌ അഴിയെണ്ണേണ്ടി വരുമെന്ന്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയുടെ മുന്നറിയിപ്പ്‌. വകുപ്പുതല നടപടിയില്‍ കാര്യങ്ങള്‍ അവസാനിക്കുമെന്ന്‌ ആരും കരുതേണ്ടന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള പോലീസ്‌ സര്‍വീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത്‌ പ്രസംഗിക്കുന്നതിനിടെയാണ്‌ ഡിജിപി പൊലീസുദ്യോഗസ്ഥര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട ഫയല്‍ കഴിഞ്ഞ ദിവസം തന്റെ മുന്നില്‍ വന്നിരുന്നു. ഈ ഫയലില്‍ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശിച്ചു മടക്കുകയായിരുന്നു. കാശു വാങ്ങിയ ശേഷം പിടിക്കപ്പെട്ടാല്‍ വകുപ്പുതല നടപടിയില്‍ മാത്രം കാര്യം അവസാനിപ്പിക്കാമെന്ന്‌ ആരും കരുതേണ്ട. കൈക്കൂലി വാങ്ങുന്നതു ക്രിമിനല്‍ കുറ്റമാണ്‌.
അതു ചെയ്യുന്നവര്‍ ആരായാലും ജയിലിലാകും. അഴിമതി വച്ചുപൊറുപ്പിക്കില്ല. പൊലീസിലെ അഴിമതിക്കാര്‍ക്കെതിരേ ക്രിമിനല്‍ നടപടി തുടങ്ങാന്‍ പോകുകയാണെന്നും ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു. പൊതുജന സേവകര്‍ ആരായാലും അഴിമതി ചെയ്യാന്‍ പാടില്ല. കേരള പൊലീസിലും ഇത്‌ അനുവദിക്കില്ല. പൊലീസില്‍ അഴിമതി കണ്ടെത്തിയാല്‍ അതു ചെയ്യുന്നവര്‍ക്കെതിരേ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു നടപടി സ്വീകരിക്കും. കസ്റ്റഡിയിലെടുക്കുന്നവരെ ക്രൂരമായി മര്‍ദിക്കുന്നതിനെയും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. എറണാകുളത്ത്‌ ഇത്തരത്തില്‍ രണ്ടു സംഭവമുണ്ടായതായി തനിക്കു പരാതി ലഭിച്ചിട്ടുണ്ട്‌. ഇതു സംബന്ധിച്ച്‌ അന്വേഷിക്കാന്‍ പൊലീസ്‌ കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. അടുത്ത ദിവസംതന്നെ റിപ്പോര്‍ട്ട്‌ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകും. ഏതെങ്കിലും കേസില്‍ കസ്റ്റഡിയില്‍ എടുക്കുന്നവരെ മര്‍ദിക്കണമെന്ന്‌ ഒരു നിയമവും പറയുന്നില്ലെന്നും പൊലീസിന്റേതു ജോലിയല്ല സേവനമാണെന്നും ലോക്‌നാഥ്‌ ബെഹ്‌റ ഉപദേശരൂപേണ വ്യക്തമാക്കി.