Breaking News

Trending right now:
Description
 
Jul 06, 2016

സരിതയുടെ മൊഴി മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നിഷേധിച്ചു

image സോളാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ്‌ തന്റെ പക്കലുണ്ടെന്ന സരിത എസ്‌.നായരുടെ മൊഴി അടിസ്ഥാനമില്ലാത്തതാണെന്നു മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ സോളാര്‍ കമ്മീഷനെ അറിയിച്ചു. ക്രോസ്‌ വിസ്‌താരത്തിനിടെയാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌. സരിതയെ അറസ്‌റ്റു ചെയ്‌തത്‌ അന്ന്‌ ആഭ്യന്തരമന്ത്രിയായിരുന്ന തന്റെ കീഴിലുള്ള പൊലീസായതിനാലാണ്‌ അങ്ങനെ പറഞ്ഞതെന്നു അദ്ദേഹം വ്യക്തമാക്കി. പൊലീസിന്റെ അന്വേഷണത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്നും തിരുവഞ്ചൂര്‍ കമ്മീഷനെ അറിയിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ സരിത എസ്‌.നായരുമായി 13 തവണ ഫോണില്‍ സംസാരിച്ചിരുന്നുവെന്ന്‌ തെളിയിക്കുന്ന രേഖകള്‍ കമ്മിഷന്‍ അഭിഭാഷകന്‍ ഹാജരാക്കി. സരിത എസ്‌. നായര്‍ അവരുടെ രണ്ടു വ്യത്യസ്‌ത നമ്പറുകളില്‍ നിന്ന്‌ തിരുവഞ്ചൂരിന്റെ നമ്പറിലേക്ക്‌ 12 തവണ വിളിച്ചതായും തിരുവഞ്ചൂര്‍ ഒരു കോള്‍ സരിതയുടെ നമ്പറിലേക്ക്‌ തിരിച്ചുവിളിച്ചതായുമുള്ള രേഖകളാണ്‌ ഹാജരാക്കിയത്‌. 2013 ജനുവരിയിലും 2013 ഫെബ്രുവരി ഒന്നു മുതല്‍ മേയ്‌ 23 വരെയുമുള്ള കാലയളവില്‍ ഫോണ്‍ വിളികള്‍ നടന്നിട്ടുള്ളതായാണ്‌ രേഖകളിലുള്ളത്‌. തിരുവഞ്ചൂരിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന വി.കെ. രവീന്ദ്രന്റെ നമ്പറിലേക്ക്‌ സരിത 11 കോളുകളും രണ്ട്‌ എസ്‌എംഎസുകളും ചെയ്‌തിരുന്നതായി രവീന്ദ്രന്‍ കമ്മീഷന്‍ മുമ്പാകെ സമ്മതിച്ചിരുന്നുവെന്ന്‌ കമ്മീഷന്‍ അഭിഭാഷകന്‍ തിരുവഞ്ചൂരിനെ അറിയിച്ചപ്പോള്‍ അതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം തന്നെ കമ്മീഷനില്‍ അറിയിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ മറുപടി നല്‍കി. സരിത എഴുതിയ കത്ത്‌ പിടിച്ചെടുക്കുന്നതിനു പ്രത്യേക അന്വേഷണ സംഘം എന്തെങ്കിലും നടപടി എടുത്തതായി അറിയാമോ എന്ന കമ്മീഷന്റെ ചോദ്യത്തിന്‌ താന്‍ അന്വേഷണത്തില്‍ ഇടപെടാറില്ലെന്നും അതിനാല്‍ ഇക്കാര്യങ്ങള്‍ അറിയില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കമ്മിഷനെ അറിയിച്ചു.