Breaking News

Trending right now:
Description
 
Jan 06, 2013

സെക്‌സ്‌ മാഫിയയോട്‌ മത്സരിച്ച്‌ വിജയിച്ച ഞാന്‍ സിനിമ മാഫിയയ്‌ക്ക്‌ മുന്നില്‍ അടിപതറി: ഡോ. സുനിത കൃഷ്‌ണന്‍

image സെക്‌സ്‌ മാഫിയയോട്‌ മത്സരിച്ച്‌ വിജയിച്ച ഞാന്‍ സിനിമ മാഫിയയ്‌ക്ക്‌ മുന്നില്‍ അടി പതറി പോയി: ഡോ. സുനിത കൃഷ്‌ണന്‍

ജീവിതത്തിന്റെ അഴുക്കുചാലിലേയ്‌ക്ക്‌ ഒഴുകി പോകേണ്ട അനേകം സ്‌ത്രീകളെ രക്ഷിക്കാന്‍ ആയുധരഹിതയായി അടര്‍കളത്തില്‍ പോരാടി വിജയശ്രീലാളിതയായ സുനിത കൃഷ്‌ണന്‍ അടി പതറിയത്‌ സിനിമാമാഫിയയുടെ മുന്നിലാണ്‌. ലൈംഗിക തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന ഹൈദരാബാദിലെ `പ്രജ്വല` എന്ന സംഘടനയുടെ അമരക്കാരിയാണ്‌ സുനിത. സ്വന്തംജീവിതത്തെ തൃണവല്‍ക്കരിച്ച്‌ 17 വര്‍ഷം പോരാടിയ ഇവര്‍ തന്റെ തീഷ്‌ണമായ ജീവിതാനുഭവങ്ങളെ കോര്‍ത്തിണക്കിയെടുത്ത സിനിമയാണ്‌ `എന്റെ.` താന്‍ രക്ഷിച്ച ഒരു പെണ്‍കുട്ടിയുടെ ജീവിതാനുഭവങ്ങളുടെ നേര്‍ക്കാഴ്‌ചയാണ്‌ എന്റെ എന്ന സിനിമയിലൂടെ സുനിത പ്രേക്ഷകരുമായി സംവദിക്കുവാന്‍ ശ്രമിച്ചത്‌.

എന്നാല്‍, ഇന്ന്‌ സ്വന്തം വീടും ഇത്തിരി സമ്പാദ്യവും വിറ്റ്‌ ഒരു സിനിമ പിടിക്കാന്‍ ഇറങ്ങിയ സുനിത പകച്ചു നില്‌ക്കുകയാണ്‌ മൂവി മാഫിയയുടെ ഉള്ളുകള്ളികള്‍ക്ക്‌ മുന്നില്‍. കാഴ്‌ചക്കാരുടെ ഉള്ളുപൊള്ളിക്കുന്ന ഈ സിനിമ കാണുന്നവനില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ ഉമിത്തീപ്പോലെ പതുക്കെ കത്തിക്കയറുവാന്‍ തുടങ്ങിയിട്ടേയുള്ളു എന്നാല്‍ സിനിമയിലൂടെ സാമൂഹ്യമാറ്റത്തിന്റെ പാഠങ്ങള്‍ വേണ്ടന്ന്‌ ശഠിക്കുന്ന സിനിമ കച്ചവടക്കാരനു മനസിലാവില്ല ജീവിതം തന്നെ സ്‌ത്രീത്വത്തിന്റെ മാനം കാക്കാന്‍ തുറന്ന പുസ്‌തകം പോലെ പരാതികളില്ലാതെ തുറന്നു വച്ച ഒരു സ്‌ത്രീയുടെ സാമൂഹ്യപ്രതിബദ്ധതയുടെ വില.

സിനിമയെ ആദ്യ ദിവസങ്ങളില്‍തന്നെ തീയേറ്ററുകളില്‍നിന്ന്‌ കെട്ടുകെട്ടിക്കാനുള്ള ശ്രമങ്ങളാണ്‌ സുനിതയെ ഞെട്ടിച്ചത്‌. സാമൂഹിക പ്രസക്തിയുള്ള വിഷയത്തില്‍ കണ്ടവര്‍ കണ്ടവര്‍ അഭിപ്രായം പറഞ്ഞ്‌ ആളുകള്‍ തീയേറ്ററിലെത്തുംമുമ്പേ സിനിമയെ ഓടിക്കാനാണ്‌ ശ്രമം. ഇനീഷ്യല്‍ പുള്‍ എന്ന സൂപ്പര്‍താര ചിത്രങ്ങളുടെ കണക്കുകള്‍ കാണിച്ചാണ്‌ സിനിമാരംഗത്തെ മാഫിയ ഇതിനായി കൊണ്ടുപിടിച്ചു ശ്രമിക്കുന്നത്‌.

സിനിമാനിര്‍മാണത്തില്‍ ആദ്യമായി രംഗത്തുവരുന്നതാണെന്ന്‌ അറിയാവുന്ന സംഘം സുനിതയുടെ മനസ്‌ തളര്‍ത്താന്‍ ആവതെല്ലാം നോക്കി. എന്നിട്ടും പിടിച്ചു നില്‍ക്കുന്നുവെന്നു കണ്ടപ്പോള്‍ പുതിയ അടവുകള്‍ ഇറക്കുകയാണ്‌. കേരളത്തിലെ പതിനായിരക്കണക്കിന്‌ സ്‌ത്രീകള്‍ നെഞ്ചേറ്റിയ സിനിമയെ എങ്ങനെയും വിജയിപ്പിച്ചേ പറ്റൂ എന്നതുകൊണ്ട്‌ എങ്ങനെയും പിടിച്ചുനില്‍ക്കാനുള്ള പരിശ്രമത്തിലാണ്‌ സുനിത. പ്രേക്ഷകര്‍ നല്‌കുന്ന ഹൃദം നിറഞ്ഞ പിന്തുണയാണ്‌ സുനിതയ്‌ക്ക്‌ ബലം നല്‌കുന്നത്‌.