Breaking News

Trending right now:
Description
 
Jul 03, 2016

വീഴ്‌ചയില്‍ നട്ടെല്ലിനു പരുക്കേറ്റ പുലിക്കുട്ടിക്ക്‌ കൊല്ലം മൃഗാശുപത്രിയില്‍ ചികിത്സ

image ഇര തേടുന്നതിനിടെ മരത്തില്‍നിന്നു വീണു പരുക്കേറ്റ പുലിക്കുട്ടിക്കു കൊല്ലം ജില്ലാ മൃഗാശുപത്രിയില്‍ ചികിത്സ. പുനലൂര്‍ ഫോറസ്‌റ്റു ഡിവിഷനു കീഴില്‍ പത്തനാപുരം റേഞ്ചിലെ വെള്ളംതെറ്റി സെക്ഷന്റെ പരിധിയിലുള്ള ഓന്തുപാറ വനമേഖലയില്‍ ഇന്നലെ രാവിലെയാണ്‌ അവശനിലയില്‍ കിടക്കുന്ന പുലിക്കുട്ടിയെ പരിസരവാസികള്‍ കണ്ടത്‌. മരച്ചുവട്ടില്‍ എഴുന്നേല്‍ക്കാന്‍വയ്യാതെ കിടന്ന പുലിക്കുട്ടിയെ ഫോറസ്‌റ്റ്‌ ഉദ്യോഗസ്ഥരാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. കുരങ്ങിനെ പിടിക്കാന്‍ മരത്തില്‍നിന്നു ചാടിയപ്പോള്‍ വീണതാകാണെന്നാണ്‌ സംശയം. വാരിയെല്ലിനും നട്ടെല്ലിനുമാണ്‌ പരുക്ക്‌. 6-8 മാസം പ്രായംവരും പുലിക്കുട്ടിക്ക്‌. പുറമേ പരുക്കുകളൊന്നും ഇല്ലായിരുന്നതിനാല്‍ മയക്കിയശേഷം എക്‌സ്‌റേ എടുത്തപ്പോഴാണ്‌ പരുക്കുകള്‍ കണ്ടത്‌. പിന്‍കാലുകള്‍ ചലിപ്പിക്കാന്‍ കഴിയാത്തതിനാല്‍ നടക്കാനും ബുദ്ധിമുട്ടാണ്‌. മൂന്നുദിവസം മൃഗാശുപത്രിയില്‍ ചികിത്സ നടത്തിയശേഷമേ പുലിക്കുട്ടിയെ തിരികെ വനത്തിലെത്തിക്കുന്നകാര്യം പരിഗണിക്കുകയുള്ളൂ. ഡോ.എസ്‌.രാജു, ഡോ.ബി.അരവിന്ദ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ ചികിത്സ നല്‍കുന്നത്‌. പുലിക്കുട്ടി ആശുപത്രിയില്‍ എത്തിയതറിഞ്ഞ്‌ നിരവധിയാളുകളാണ്‌ കാണാന്‍ എത്തിയത്‌.