Breaking News

Trending right now:
Description
 
Jul 01, 2016

വ്യാജ ഹെല്‍മറ്റുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കാത്തത് എന്തുകൊണ്ട്?

തോമസ് മത്തായി കരിക്കംപള്ളില്‍
image
ഹെല്‍മറ്റ്, സീറ്റ്‌ബെല്‍റ്റ്, സണ്‍ഫിലിം, മിറര്‍ തുടങ്ങി മറ്റാര്‍ക്കും ശാരീരികമായോ മാനസികമായോ ക്ഷതം (ഹര്‍ട്ട്) ഉണ്ടാക്കാത്ത, ഒരു തരത്തിലും അപകടകാരണങ്ങളല്ലാത്ത, മര്യാദക്കാരുടെ 'കുറ്റകൃത്യ'ങ്ങള്‍ റോഡില്‍ നിന്നു പിടികൂടി ചോദ്യവും പറച്ചിലും സാക്ഷിയുമില്ലാതെ ഉടനടി ശിക്ഷ വിധിച്ചു പിഴ പിരിക്കാന്‍ മാത്രമാണ് പോലീസിന്റെ അതീവ ശ്രദ്ധ. അതിനു വലിയ ബുദ്ധിയോ കായികശേഷിയോ ആവശ്യമില്ലെന്നു എല്ലാവര്‍ക്കുമറിയാം. റോഡില്‍ അപകടമുണ്ടാക്കുന്നവരെയും യഥാര്‍ഥ ക്രിമിനലുകളെയും പിടികൂടാന്‍ ഇതിനൊടൊപ്പം അല്പം ധൈര്യവും ഏകോപനവും വേണ്ടിവരും.

സംസ്ഥാന പോലീസ് മേധാവിയുടെ എല്ലാവിധ ഉത്തരവുകളും സദാ ലംഘിച്ച് ഇടുങ്ങിയ റോഡിലും വളവിലും റോഡിന്റെ എതിര്‍വശത്തു നിന്നും മുന്‍കൂട്ടി അറിയിപ്പു നല്കാതെ 'പെറ്റി ക്രിമിനലുകളെ' മാത്രം ചാടിപ്പിടികൂടിക്കൊണ്ടിരിക്കുന്നതു നാടിനു നാണക്കേടാണ്. കാരണം എല്ലാ മര്യാദക്കാരെയും (അവര്‍ മാത്രമാണ് പോലീസ് കൈകാട്ടുമ്പോള്‍ നിറുത്തുന്നത്) ഒന്നിനു വേണ്ടിയല്ലെങ്കിലും തത്കാലത്തേക്കെങ്കിലും വെറുതെ ക്രിമിനലുകളാക്കി തെറിവിളിച്ചും പോക്കറ്റില്‍ കൈയിട്ടും വാഹനത്തില്‍ നിന്നു കീ വലിച്ചൂരിയും മൊബൈല്‍ ഫോണ്‍ ജാമ്യവസ്തുവായി പിടിച്ചുവച്ചും മറ്റും നാട്ടുകാരെ മൊത്തം വെറുപ്പിക്കുകയാണ്. അടുത്ത ജംഗ്ഷനില്‍ വന്‍ വാഹനക്കുരുക്കാണെങ്കിലും ഒരു ജീപ്പു നിറയെ പോലീസ് അതൊന്നും ശ്രദ്ധിക്കാതെ പിരിവില്‍ തന്നെ ശ്രദ്ധയൂന്നി നില്ക്കുമ്പോള്‍ അതിലെന്തോ പ്രശ്‌നം മണക്കണം. നാട്ടില്‍ വേറെയൊരു കുറ്റകൃത്യവുമില്ലെന്നു കരുതിപ്പോകും!

തകര്‍ന്ന റോഡുകളും ഇടിഞ്ഞു താഴ്ന്ന വശങ്ങളും വഴിയില്‍ നില്ക്കുന്ന പോസ്റ്റുകളും കാഴ്ച മറയ്ക്കുന്ന ബോര്‍ഡുകളും റോഡു കൈയേറ്റങ്ങളും ഒന്നും റോഡപകട കാരണമാകുന്നില്ലെന്നു വേണം ഹെല്‍മറ്റ് വേട്ടക്കാര്യത്തില്‍ പോലീസിന്റെ ആവേശം കാണുമ്പോള്‍ തോന്നുക. വാഹനാപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ ചെയ്യേണ്ടത്. അല്ലാതെ മരണത്തെക്കാട്ടി പേടിപ്പിച്ചു മുന്‍കരുതല്‍ പിഴ പിരിക്കുകയല്ല വേണ്ടത്. ഹെല്‍മറ്റ് ധരിക്കാത്തവര്‍ പ്രത്യേകിച്ച് അപകടങ്ങളുണ്ടാക്കുന്നില്ല.

ഇരുചക്രവാഹനത്തില്‍ ഇരിക്കുന്ന രണ്ടു പേരില്‍ ഓടിക്കുന്നയാള്‍ മാത്രം ഹെല്‍മറ്റ് ധരിച്ചാല്‍ മതിയെന്നും ചില മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ധരിക്കേണ്ടതില്ലെന്നുമുള്ള അടിസ്ഥാനരഹിതവും പ്രയോജനശൂന്യവും പിഴ ഈടാക്കാന്‍ മാത്രവുമുള്ളതായ നിയമം കാട്ടി വഴിയേ പോകുന്നവരെ ക്രിമിനല്‍ കുറ്റവാളികള്‍ എന്ന പോലെ ഓടിച്ചിട്ടു പിടിച്ചും തലയ്ക്കടിച്ചും എറിഞ്ഞു വീഴ്ത്തിയും കൊല്ലാക്കൊല ചെയ്തും കൊന്നും സ്വമേധയാ പിഴയീടാക്കാന്‍ ശ്രമിക്കുന്ന ചരിത്രമുള്ള കേരളത്തില്‍ ക്രിമിനല്‍ കുറ്റകൃത്യസംബന്ധിയായ മറ്റു നിയമവ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങണം എന്നുള്ളത് എന്തു സന്ദേശമാണ് നല്കുന്നത്?

സംസ്ഥാനത്തു പല പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തികളിലും അവിടങ്ങളിലെ എസ്.ഐമാര്‍ മേലധികാരികള്‍ അറിയാതെ സ്വയം ഉത്തരവിട്ടു നടപ്പിലാക്കി പരാജയപ്പെട്ട 'ഹെല്‍മറ്റില്ലാത്തവര്‍ക്കു പെട്രോളില്ല' എന്ന സംവിധാനം കേരള സര്‍ക്കാര്‍ നയമായി മാറ്റിയാല്‍ അതു ദൂരവ്യാപകമായ ഫലങ്ങളാണുണ്ടാക്കുക. പ്രത്യേകിച്ചു ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പുതിയ വകുപ്പു മന്ത്രി അറിയാതെയുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. ഇടയ്ക്കിടെ ഇങ്ങനെ വാശിയോടെയുള്ള ഉത്തരവുകള്‍ ഉണ്ടാകുന്നതും പല വിധത്തില്‍ നാട്ടുകാര്‍ക്കിടയില്‍ സംശയമുണ്ടാക്കുന്നുണ്ട്. അപകടമുണ്ടാക്കുന്ന രീതിയില്‍ നിയമവിരുദ്ധമായി കന്നാസുകളില്‍ ഡീസലും പെട്രോളും ബങ്കില്‍ നിന്നു മേടിക്കുന്നവരെ തടയാന്‍ സാധിക്കാത്ത നാട്ടിലാണ് നിയമം അനുശാസിക്കാത്ത നടപടിക്രമങ്ങളുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത്. നിയമമുണ്ടാക്കുന്ന എം.പിമാരും നിയമം വ്യാഖ്യാനിക്കുന്ന ജഡ്ജിമാരും സാധാരണഗതിയില്‍ സ്ഥിരമായി ഇരുചക്രവാഹനം ഓടിക്കാത്തവരായതിനാല്‍ സാധാരണ ജനങ്ങള്‍ പീഢ അനുഭവിക്കുകയേ നിവൃത്തിയുള്ളു!

ഡ്രൈവര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ നൂറു രൂപയാണ് നിയമ പ്രകാരം പിഴയെന്നിരിക്കെ വഴിയില്‍ നിന്നു മുന്നൂറിലേറെയും സ്റ്റേഷനില്‍ ചെന്ന് അടച്ചാല്‍ അഞ്ഞുറിലേറെ രൂപയും കോടതിയിലേക്കു വിട്ടാല്‍ ചെയ്യാത്ത കുറ്റങ്ങളും കൂട്ടിച്ചേര്‍ത്തു ആയിരത്തിലേറെ രൂപയുമാക്കുന്ന അതിക്രമത്തെക്കുറിച്ചു പരാതിപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. അപ്പോള്‍ സുരക്ഷയല്ല സര്‍ക്കാരിന്റെ ഖജനാവിലേക്കുള്ള പിരിവു മാത്രമാണ് ലക്ഷ്യമെന്നും വ്യക്തമാകും. ഹെല്‍മറ്റ് കേസില്‍ പോലീസ് മാത്രം പരാതിക്കാരനും സാക്ഷിയുമാകുന്നതാണ് പകല്‍ക്കൊള്ളയ്ക്കു കാരണം.

ഒന്നര കിലോഗ്രാമില്‍ കൂടുതല്‍ തൂക്കമുള്ള ഹെല്‍മറ്റ് തലയില്‍ വച്ചാല്‍ എല്ലാം സുരക്ഷിതമാകുമെന്നും മരണത്തില്‍ നിന്നു രക്ഷപ്പെടുമെന്നുമുള്ള രീതിയിലുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രചാരണത്തിന്റെ അടിസ്ഥാനം എന്താണെന്നു അറിഞ്ഞൂ കൂടാ. തലപൊട്ടിയില്ലെങ്കിലും തലയിലെ ഭാരം കാരണം വീഴ്ചയില്‍ സുക്ഷുമ്‌നാനാഡി തകരുന്ന അനുഭവങ്ങള്‍ ഏറെയുണ്ട്. അതിനെക്കുറിച്ചോ റോഡില്‍ വാഹനങ്ങള്‍ മറ്റുതരത്തില്‍ ഇടിച്ചു മരിക്കുന്നവരെക്കുറിച്ചോ ആരും ഒന്നും മിണ്ടാറില്ല. അപരിഹാര്യമായ ആരോഗ്യ പ്രശ്‌നങ്ങളും സുഖക്കേടുകളും കാഴ്ച-കേഴ്‌വിക്കുറവുകളും, മഴ-വേനല്‍ക്കാല ബുദ്ധിമുട്ടുകളും വേറെ ഏറെയുണ്ടുതാനും. അതൊക്കെ തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്.

നിയമപ്രകാരം ഐഎസ്‌ഐ/ബിസ് മുദ്രയുള്ള ഹെല്‍മറ്റേ ഉപയോഗിക്കാനാകൂ. അല്ലാത്ത ഒന്നും വില്ക്കാന്‍ അനുവദിക്കേണ്ട കാര്യമില്ല. മരണമോ പരിക്കോ ഹെല്‍മറ്റ് തടയില്ലെന്നു മുദ്ര പതിപ്പിക്കുന്നവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിയമം നിയമത്തിന്റെ വഴിക്കു പോയിക്കൊണ്ടിരിക്കുകയാണ്. എന്നിരുന്നാല്‍ തന്നെയും നിര്‍മാണ കമ്പനികള്‍ക്കു നിര്‍ദേശിക്കപ്പെട്ട മാനദണ്ഡങ്ങള്‍ പാലിച്ചാണോ ഹെല്‍മറ്റുകള്‍ നിര്‍മ്മിച്ചു വിപണിയില്‍ വില്ക്കുന്നതെന്നു പരിശോധിക്കാന്‍ സര്‍ക്കാരിനോ ഉപയോക്താക്കള്‍ക്കോ ഒരു സംവിധാനവുമില്ല. നിലത്തു വീഴുന്ന ഹെല്‍മറ്റുകള്‍ പൊട്ടിച്ചിതറുന്നതും വൈസര്‍ പൊട്ടി അതു കുത്തി കണ്ണിനുള്‍പ്പടെ മുറിവുകളുണ്ടാകുന്നതും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെയുണ്ടാകുന്ന മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും ആര്‍ക്കും കണക്കോ രേഖയോ ഇല്ലതാനും. അതൊന്നും വാര്‍ത്തയുമാകുന്നില്ല. എല്ലാ ഉത്പന്നങ്ങള്‍ക്കും കാലാവധിയാകല്‍ (എക്‌സ്‌പൈറി) ഉള്ളതുപോലെ ഹെല്‍മറ്റിനും ഉണ്ടെന്നുള്ള കാര്യം ഉപയോഗിക്കുന്നവരും നിയമപാലകരും കണക്കിലെടുക്കുന്നില്ല.

ഗുണനിലവാര സ്റ്റിക്കര്‍ ആര്‍ക്കും ഒട്ടിച്ചുവിടാം. വിപണിയിലുള്ള ഹെല്‍മറ്റുകളില്‍ ഭൂരിഭാഗവും മാനദണ്ഡങ്ങള്‍ പാലിക്കാത്തതും വ്യാജവുമാണെന്നു സര്‍ക്കാരിനു ഒഴികെ ആര്‍ക്കും സംശയമില്ല. അല്ലെങ്കില്‍ നിലവാരം പാലിക്കാത്ത വ്യാജഹെല്‍മറ്റുകള്‍ എല്ലാം പിടിച്ചെടുത്തു പൊതുജനമധ്യേയിട്ടു നശിപ്പിക്കണം എന്ന ആവശ്യം മൂന്നു പതിറ്റാണ്ടായി അധികൃതര്‍ മുമ്പാകെ രേഖാമൂലം ആവര്‍ത്തിച്ചു ഉന്നയിക്കുന്നു. കേരളം മാറിമാറി ഭരിച്ച യു.ഡി.എഫ്, എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ എന്തുകൊണ്ട് വക്രതയില്ലാതെ അതു ചെയ്തില്ല? അല്ല, ആരോടാണ് സര്‍ക്കാരിനു കടപ്പാട്? ഹെല്‍മറ്റ് വേട്ടക്കാര്യത്തില്‍ അഴിമതി സംശയിച്ചാല്‍ ജനങ്ങളെ എങ്ങനെ കുറ്റം പറയാനാകും?

(ആലപ്പുഴ തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ), സിറ്റിസണ്‍സ് ഓപ്പണ്‍ ലീഗല്‍ ഫോറം (കോള്‍ഫ്) എന്നിവയുടെ പ്രസിഡന്റാണ് ലേഖകന്‍)