Breaking News

Trending right now:
Description
 
Jul 01, 2016

കൊതുകു നശീകരണത്തിനു സംവിധാനങ്ങളില്ല; ഫലപ്രദമായ നടപടി വേണമെന്നു ടി.ആര്‍.എ

image ആലപ്പുഴ: മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കാന്‍ ആവശ്യവും ഫലപ്രദവുമായ നടപടികള്‍ ചെയ്യണമെന്നു അധികൃതരോട് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.

കൊതുകു നശീകരണത്തിനായി ചെയ്തുവന്നിരുന്ന ഫോഗിംഗിനു മാരക വിഷം ഉപയോഗിക്കേണ്ടി വരുന്നതുമൂലം മനുഷ്യരെ അതു പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഫോഗിംഗ് നടത്തരുതെന്നു ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശമുണ്ടെന്നു മുനിസിപ്പല്‍ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മഴക്കാലമായതിനാല്‍ സ്േ്രപ ചെയ്യുന്ന മരുന്നു തളിച്ചിട്ടു കാര്യമില്ല. മഴവെള്ളത്തില്‍ പെട്ടെന്നു ഒഴുകിപ്പോകും. തത്ക്കാലം കൊതുകു നിയന്ത്രിക്കാന്‍ ഒരു മാര്‍ഗവും സംവിധാനവും മുനിസിപ്പാലിറ്റിക്കില്ലെന്നാണ് മനസിലാക്കുന്നത്.

കൊതുകുകള്‍ പെരുകാതിരിക്കാന്‍ ആവശ്യമായ നിയന്ത്രണ നടപടികള്‍ സ്വമേധയാ സ്വീകരിക്കണമെന്നു അസോസിയേഷന്‍ അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ ഭാഗമായി വെള്ളം കെട്ടിക്കിടക്കാന്‍ ഇടയുള്ളയിടങ്ങള്‍ വെള്ളം കളഞ്ഞു വൃത്തിയാക്കിയിടും. ആലപ്പുഴ പട്ടണത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന രോഗകാരണമായ കൊതുകുശല്യം നിയന്ത്രിക്കാന്‍ ടി.ആര്‍.എ 'ഗുഡ് ബൈ മോസ്‌ക്വിറ്റോസ്' എന്ന പേരില്‍ സംയോജിത കൊതുകു നിയന്ത്രണ പദ്ധതി മൂന്നു വര്‍ഷമായി നടപ്പാക്കുന്നുണ്ട്. എന്നാല്‍ സെപ്റ്റിക് ടാങ്കുകള്‍, ബയോഗ്യാസ് പ്ലാന്റുകള്‍, മാലിന്യക്കൂനകള്‍, വെള്ളക്കെട്ടുകള്‍ എന്നിവിടങ്ങളിലൂടെ കൊതുകുകള്‍ പെരുകുന്നതു തടയാന്‍ മുനിസിപ്പാലിറ്റി തലത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നു ടി.ആര്‍.എ എടുത്തുകാട്ടി.