Breaking News

Trending right now:
Description
 
Jul 01, 2016

മഅദനിക്ക്‌ രോഗിയായ അമ്മയെ കാണാന്‍ അനുമതി

image ബംഗളൂരു സ്‌ഫോടന ക്കേസിലെ പ്രതിയായ പിഡിപി നേതാവ്‌ അബ്ദുള്‍ നാസര്‍ മഅദനിക്കു കേരളത്തിലേക്കു പോകാന്‍ സുപ്രീംകോടതിയുടെ അനുമതി. അര്‍ബുധ ബാധിതയായ അമ്മയെ കാണാന്‍ അനുവദിക്കണമെന്ന മഅദനിയുടെ അപേക്ഷയിലാണു കോടതിയുടെ നടപടി. എത്രദിവസത്തേക്കു പോകാമെന്നതും എന്നു മുതലെന്നതും ബംഗളൂരുവിലെ അഡീഷനല്‍ സിവില്‍ സിറ്റി ജഡ്‌ജിയുടെ കോടതിക്കു തീരുമാനിക്കാം. അമ്മയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ പരിഗണിച്ചാണ്‌ വിചാരണക്കോടതി തീരുമാനമെടുക്കേണ്ടതെന്നു ജഡ്‌ജിമാരായ എസ്‌.എ.ബോബ്‌ഡെ, അശോക്‌ ഭൂഷണ്‍ എന്നിവരുടെ ബെഞ്ച്‌ വ്യക്തമാക്കി. എല്ലാ ദിവസവും വിചാരണക്കോടതിയില്‍ ഹാജരാകണമെന്ന ഉപാധിയിലും സുപ്രീം കോടതി ഇളവ്‌ അനുവദിച്ചു. ബംഗളൂരു സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ മഅദനിക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ബംഗളൂരു വിട്ടു പുറത്തുപോകരുതെന്നു നിബന്ധന വെച്ചിരുന്നു. ഇതില്‍ ഇളവ്‌ തേടിയാണ്‌ മഅദനി അപേക്ഷ നല്‍കിയത്‌. വിചാരണ നീളുന്നതിനാല്‍ കേരളത്തിലെത്തി ചികിത്സ നടത്താന്‍ അനുവദിക്കണമെന്നും എന്നും വിചാരണക്കോടതിയിലെത്തണമെന്ന ഉപാധിയില്‍ ഇളവു നല്‍കണമെന്നും മഅദനിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്‌ ഭൂഷണ്‍ ആവശ്യപ്പെട്ടു. മഅദനിക്കു കേരളത്തില്‍ പോകാന്‍ അനുമതി നല്‍കുന്നതിനെ ഇത്തവണയും കര്‍ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തും. മഅദനി രാഷ്ട്രീയ നേതാവാണെന്നതും സാക്ഷികളെ സ്വാധിനിക്കാനുള്ള സാധ്യതയും കര്‍ണാടകയുടെ അഭിഭാഷകര്‍ ഉന്നയിച്ചു. കേരളത്തില്‍ പോകാന്‍ അനുവദിക്കുകയാണെങ്കില്‍ പൊലീസ്‌ കസ്റ്റഡിയാലവണം യാത്രയെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍, ജാമ്യത്തിലുള്ള പ്രതിയെ പൊലീസ്‌ കസ്റ്റഡിയില്‍ വിടണമെന്ന വിചിത്രമായ നിലപാട്‌ അംഗീകരിക്കരുതെന്ന്‌ മഅദനിക്കുവേണ്ടി ഹാജരായ പ്രശാന്ത്‌ ഭൂഷണ്‍ വാദിച്ചു. അതിനോട്‌ കോടതി യോജിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പു മറികടന്നാണ്‌ അമ്മയെ സന്ദര്‍ശിക്കുന്നതിനു കോടതി അനുമതി നല്‍കിയത്‌. അമ്മയെ സന്ദര്‍ശിക്കാന്‍ കേരളത്തില്‍ പോകുന്നതിന്‌ കഴിഞ്ഞവര്‍ഷം മേയ്‌ 15ന്‌ മഅദനിക്ക്‌ അഞ്ചുദിവസത്തേക്കു സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു.