Breaking News

Trending right now:
Description
 
Jul 01, 2016

വിമാന ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു; വന്‍തീപിടുത്തം

image കൊച്ചിയില്‍നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക്‌ ഇന്ധനം കയറ്റിവന്നലോറി നിയന്ത്രണംവിട്ടു തലകീഴായി മറിഞ്ഞ്‌ എണ്ണ ചോര്‍ന്ന്‌ അഴുക്കുചാലിലൂടെ ഒഴുകി നാനൂറ്‌ മീറ്റര്‍ അകലെ തീ പടര്‍ന്നു വന്‍സ്‌ഫോടനമുണ്ടായി. താനൂര്‍ ജ്യോതിവളവിലാണ്‌ ടാങ്കര്‍ലോറി മറിഞ്ഞത്‌. വ്യാഴാഴ്‌ചപുലര്‍ച്ചെയായിരുന്നു നാടിനെ ഭീതിയിലാഴ്‌ത്തിയ തീ പടര്‍ന്നുണ്ടായ സ്‌ഫോടനം ഉണ്ടായത്‌. ലോറിയില്‍ 20,000 ലീറ്റര്‍ ഇന്ധനമുണ്ടായിരുന്നു. അഴുക്കുചാലിലൂടെ ഒഴുകിയ ഇന്ധനം സമീപത്തെ കനാലില്‍ വ്യാപിച്ചു. മറിഞ്ഞ ലോറി ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ അരകിലോമീറ്റര്‍ ദൂരത്തുള്ള കനാലില്‍ വന്‍സ്‌ഫോടനം ഉണ്ടായി. വെള്ളത്തില്‍നിന്നു തീ ആകാശംമുട്ടെ ഉയര്‍ന്നു. സമീപത്തെ രണ്ടുവീടുകള്‍ തകര്‍ന്നു. കാറും ബൈക്കും കത്തിനശിച്ചു. വെള്ളത്തിലൂടെ ടാങ്കര്‍ മറിഞ്ഞ ഭാഗത്തേക്ക്‌ തീ പടര്‍ന്നത്‌ നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമനസേനയും പൊലീസും അണച്ചതിനാലാണ്‌ വന്‍ ദുരന്തം ഒഴിവായത്‌. മരങ്ങളും വൈദ്യുതി ലൈനുകളും തീ പിടുത്തത്തില്‍ കത്തി. പരിസരത്തെ വീടുകളിലേക്ക്‌ തീ വ്യാപിച്ചു. വീട്ടിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. കറുത്തപുകയും ചൂടും പ്രദേശമാകെ വ്യാപിക്കുകയും ചെയ്‌തു. പരിസരത്തെ വീടുകളും സ്‌കൂളുകളും ഒഴിപ്പിച്ചാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. വാഹന ഗതാഗതവും നിരോധിച്ചു.