Breaking News

Trending right now:
Description
 
Jul 01, 2016

ജിഷവധക്കേസ്‌: മുഖംമൂടി മാറ്റിയ പ്രതിയെ ജനംകണ്ടു; വീണ്ടും റിമാന്‍ഡില്‍

image പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥി ജിഷയെ വധിച്ച കേസിലെ പ്രതി അമീറുല്‍ ഇസ്‌ ലാമിനെ തെളിവെടുപ്പ്‌ പൂര്‍ത്തിയാക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിയുടെ മുഖം മറയ്‌ക്കാതെ കോടതിയില്‍ ഹാജരാക്കി. അറസ്‌റ്റിലായ ശേഷം ആദ്യമായാണ്‌ അമീറുലിനെ മുഖം മറയ്‌ക്കാതെ പൊലീസ്‌ പുറത്തിറക്കിയത്‌. 10 ദിവസം അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായിരുന്ന പ്രതിയെ ഇന്നലെ വൈകുന്നേരം പെരുമ്പാവൂര്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ വി. മഞ്‌ജു 14 ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്‌തു. പൊലീസിനെതിരേ പരാതിയുണ്ടോയെന്നും എന്തെങ്കിലും പറയാനുണ്ടോയെന്നും കോടതി അമിറുള്‍ ഇസ്‌ലാമിനോട്‌ ദ്വിഭാഷി മുഖാന്തരം ചോദിച്ചു. ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി. പൊലീസ്‌ റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌ മാത്രമാണ്‌ കോടതിയില്‍ ഹാജരാക്കിയത്‌. അമീറുമായി സംസാരിക്കാന്‍ അവസരം വേണമെന്ന പ്രതിഭാഗം അഭിഭാഷകന്‍ പി.രാജന്റെ അപേക്ഷ കോടതി ഇന്നു പരിഗണിക്കും. ജൂണ്‍ 16നാണ്‌ പ്രതിയുടെ അറസ്റ്റ്‌ പൊലീസ്‌ ഔ്‌ദ്യോഗികമായി രേഖപ്പെടുത്തിയത്‌. 21 മുതല്‍ 30വരെ അമീറിനെ തെളിവെടുപ്പിനായി അന്വേഷണസംഘത്തിനു കസ്റ്റഡിയില്‍ നല്‍കി. കേസുമായി ബന്ധപ്പെട്ട്‌ കോടതി മുമ്പാകെ പ്രതി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. മുഖം മറയ്‌ക്കാതെ ആദ്യമായി പൊലീസ്‌ എത്തിച്ച പ്രതിയെ കാണാനായി നൂറുകണക്കിന്‌ ആളുകളാണ്‌ പെരുമ്പാവൂര്‍ കോടതി പരിസരത്ത്‌ തടിച്ചുകൂടിയത്‌. കോടതി വളപ്പിനു പുറത്ത്‌ ജനം രോഷാകുലരാകുമ്പോഴും അക്ഷോഭ്യനായിയിരുന്നു പ്രതി. ചാരനിറത്തിലുള്ള മുക്കാല്‍ പാന്റ്‌സും വെള്ളയും നീലയും മഞ്ഞയും വരകളുള്ള ടീഷര്‍ട്ടുമായിരുന്നു പ്രതിയുടെ വേഷം. കോടതിവളപ്പിലും സമീപ പ്രദേശങ്ങളിലും പൊലീസ്‌ കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അമിര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട്ടിലെ കാഞ്ചിപുരത്തേക്കു കൊണ്ടുപോയി തെളിവെടുപ്പ്‌ നടത്തിയ അന്വേഷണസംഘം തിരിച്ച്‌ ആലുവ പൊലീസ്‌ ക്ലബില്‍ എത്തിച്ച്‌ ഇന്നലെ വീണ്ടും വിശദമായി ചോദ്യം ചെയ്‌തു. ആദ്യ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്ന കത്തി കൊലയ്‌ക്ക്‌ ഉപയോഗിച്ചതാണെന്നു കഴിഞ്ഞ ദിവസമാണു സ്ഥിരീകരിച്ചത്‌.