Breaking News

Trending right now:
Description
 
Jul 01, 2016

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിയുടെ കൊലപാതകം; എങ്ങും പ്രതിഷേധം; രണ്ടുപേരെ അറസ്റ്റു ചെയ്‌തു

image ഡല്‍ഹി സാല്‍വിന്‍ പബ്ലിക്‌ സ്‌കൂളിലെ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥി രജത്‌ മേനോനെ (14) മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ സ്ഥലത്തെ പാന്‍മസാലകടക്കാരന്‍ അലോക്‌ പണ്ഡിറ്റിന്റെ രണ്ടുമക്കളെ ന്യൂ അശോക്‌ നഗര്‍ പൊലീസ്‌ അറസ്റ്റു ചെയ്‌തു. രണ്ടുപേരും പ്രായപൂര്‍ത്തിയാകാത്തവരാണ്‌. പാന്‍മസാലകടക്കാരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. കൊലപാതകം, കൊലപാതകശ്രമം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ്‌ കേസ്‌. സംഭവം നടന്നു മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാന്‍ പൊലീസ്‌ തയാറായില്ല. ഇതേത്തുടര്‍ന്ന്‌ വിവിധ മലയാളി സംഘടനകളും മാധ്യമ പ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധം ഉയര്‍ത്തിയതോടെയാണ്‌ പൊലീസ്‌ രണ്ടുപേരെ അറസ്റ്റു ചെയ്‌തത്‌. കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞു നൂറുകണക്കിനു മലയാളികളാണു മയൂര്‍ വിഹാര്‍ ഫേസ്‌ മൂന്നിലെത്തിയത്‌. പ്രതിഷേധം രൂക്ഷമായതിനിടെ രണ്ട്‌ പാന്‍ മസാല കടകള്‍ നാട്ടുകാര്‍ നശിപ്പിച്ചു. വൈകുന്നേരം വിവിധ മലയാളി സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിലും സംഘര്‍ഷം രൂക്ഷമാകുകയും ചില കടകള്‍ക്കു നേരേ ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്‌. വിദ്യാര്‍ഥിയുടെ മരണത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു.

ബുധനാഴ്‌ച വൈകുന്നേരം അഞ്ചരയോടെ ട്യൂഷന്‍ ക്ലാസ്‌ കഴിഞ്ഞെത്തിയ രജത്തിനെയും മൂന്നു സുഹൃത്തുക്കളെയും മോഷണം ആരോപിച്ച്‌ പാന്‍മസാല വില്‌പനക്കാരനും സംഘവും ചേര്‍ന്നു സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മയൂര്‍ വിഹാര്‍ ഫേസ്‌ ത്രീയിലെ പോക്കറ്റ്‌ എ-രണ്ടിലാണ്‌ സംഭവം. മര്‍ദനത്തെത്തുടര്‍ന്ന്‌ അബോധാവസ്ഥയിലായ രജത്തിനെ മര്‍ദിച്ചവര്‍ തന്നെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. എന്നാല്‍, വിദ്യാര്‍ഥി മരിച്ചെന്നു വ്യക്തമായതോടെ ഇവര്‍ സ്ഥലം വിടുകയായിരുന്നു. പാലക്കാട്‌ കോട്ടായി സ്വദേശി മണവന്‍കുളത്ത്‌ ഉണ്ണിക്കൃഷ്‌ണന്റെ മകനാണ്‌ മരിച്ച രജത്‌ മേനോന്‍. സംഭവസ്ഥലത്തുനിന്ന്‌ ഒന്നരകിലോമീറ്റര്‍ അകലെ പോക്കറ്റ്‌ വണ്‍ 40-ബി എംഐജി ഫ്‌ളാറ്റിലാണ്‌ രജതും കുടുംബവും താമസിക്കുന്നത്‌. പിതാവ്‌ ഉണ്ണികൃഷ്‌ണന്‍ ഡല്‍ഹിയില്‍ സ്വകാര്യ കമ്പനിയില്‍ മാനേജരാണ്‌. കൃഷ്‌ണകുമാരിയാണ്‌ അമ്മ. പതിനൊന്നാംക്ലാസ്‌ വിദ്യാര്‍ഥി രാജീവ്‌ മേനോന്‍ ഏകസഹോദരനാണ്‌. മലയാളി വിദ്യാര്‍ഥി രജത്‌ ഡല്‍ഹിയില്‍ ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ കുറ്റവാളികള്‍ക്ക്‌ എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി കേന്ദ്ര ആഭ്യന്തര വകുപ്പ്‌ മന്ത്രി രാജ്‌നാഥ്‌ സിംഗിന്‌ നിവേദനം നല്‍കി. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിവേണമെന്നു എംപിമാരായ എ.കെ.ആന്റണി, പി.കെ.ബിജു എന്നിവര്‍ കേന്ദ്രമന്ത്രാലയത്തോട്‌ ആവശ്യപ്പെട്ടു.