Breaking News

Trending right now:
Description
 
Jun 29, 2016

ഒറ്റയ്‌ക്കു താമസിക്കുന്ന സ്‌ത്രീയുടെ വീട്ടിലെത്തിയ ആളെ പരിസരവാസികള്‍ കൊലപ്പെടുത്തി

image മലപ്പുറം മങ്കട കൂട്ടിലില്‍ ഒറ്റയ്‌ക്കു താമസിക്കുന്ന സ്‌ത്രീയുടെ വീട്ടിലെത്തിയ ആളെ പരിസരവാസികള്‍ ക്രൂരമായി മര്‍ദ്ദിച്ചും തല ഭിത്തിയില്‍ ഇടിപ്പിച്ചും കൊലപ്പെടുത്തി. കൂട്ടില്‍ പള്ളിപ്പടിയിലെ കുന്നശേരി നസീര്‍ ഹുസൈന്‍ (41) ആണ്‌ മരിച്ചത്‌. ചൊവ്വാഴ്‌ച പുലര്‍ച്ചെ ഒരുമണിയോടെയാണ്‌ സംഭവം. പൊലീസ്‌ പറയുന്നത്‌ ഇങ്ങനെയാണ്‌. കൂട്ടില്‍പ്രദേശത്ത്‌ ഒറ്റയ്‌ക്കു താമസിക്കുന്ന സ്‌ത്രീയുടെ വീട്ടില്‍വച്ചാണ്‌ സംഭവം. നസീര്‍ വീട്ടിനകത്തുണ്ടെന്നു മനസിലാക്കിയ പരിസരവാസികള്‍ വാതില്‍ പുറത്തുനിന്നു പൂട്ടി. പിന്നീട്‌ മറ്റുള്ളവരെവിവരം അറിയിച്ചു. ആളുകള്‍ സംഘടിച്ചെത്തി വാതില്‍ തുറന്ന്‌ നസീറിനെ ക്രൂരമായി മര്‍ദ്ദിച്ചു. പട്ടികകൊണ്ടും വടികൊണ്ടും അടിച്ചു. തളര്‍ന്നുവീണ നസീര്‍ വെള്ളം ചോദിച്ചിട്ട്‌ ആരും നല്‍കിയില്ല. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സംഘം അനുവദിച്ചില്ല. ഇതിനിടെ ആരോ അറിയിച്ചതനുസരിച്ച്‌ പൊലീസ്‌ എത്തിയപ്പോഴേയ്‌ക്കും അക്രമികള്‍ സ്ഥലംവിട്ടു. തുടര്‍ന്ന്‌ നസീറിനെ ആശുപത്രിയില്‌ എത്തിച്ചെങ്കിലും മരിച്ചു. നസീറിന്റെ തലയില്‍ ആഴത്തിലുള്ള നാലു മുറിവുകളുണ്ട്‌. ശരീരമാസകലം അടിയേറ്റ പാടുകളാണ്‌. ഇരുകൈകളും തോള്‍ മുതല്‍ കൈവിരലുകള്‍വരെ അടിച്ചുതകര്‍ത്ത നിലയിലായിരുന്നു. നസീറിനെ ആക്രമിച്ച മുറിയിലെ ഭിത്തിയില്‍ മുടിയും രക്തവും കട്ടപിടിച്ചുകിടക്കുന്ന നിലയില്‍ പൊലീസ്‌ കണ്ടെത്തി. നസീറിന്റെ സഹോദരന്‍ നവാസ്‌ നല്‍കിയ പരാതിയില്‍ പൊലീസ്‌ കേസ്‌ എടുത്തു. സംഭവവുമായി ബന്ധപ്പെട്ട്‌ കൂട്ടില്‍ സ്വദേശികളായ ഏഴുപേരെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തു. കൊല്ലപ്പെട്ട ഹുസൈന്‌ ഭാര്യയും മന്നുമക്കളുമുണ്ട്‌.