Breaking News

Trending right now:
Description
 
Jun 28, 2016

ഷുക്കൂര്‍ വധക്കേസ്‌: സിബിഐ അന്വേഷണത്തിന്‌ സ്റ്റേ

image സിപിഎം നൈതാക്കളായ ടി.വി.രാജേഷ്‌, പി.ജയരാജന്‍ എ്‌നിവര്‍ പ്രതികളായ തളിപ്പറമ്പ്‌ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐയുടെ തുടരന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. സിംഗിള്‍ ജഡ്‌ജി തുടരന്വേഷണം നിര്‍ദേശിച്ചതിനെത്തുടര്‍ന്ന്‌ കേസ്‌ എടുത്തു അന്വേഷണം തുടങ്ങിയതായി സിബിഐ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ ഇനിയൊരു ഉത്തരവുവരെ തുടര്‍നടപടി സ്റ്റേ ചെയ്‌തത്‌. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ പ്രതികളായ പി. ജയരാജന്‍, ടി.വി. രാജേഷ്‌ എംഎല്‍എ തുടങ്ങിയവര്‍ അപ്പീല്‍ നല്‍കിയിരുന്നു. അപ്പീലില്‍ ആക്ടിംഗ്‌ ചീഫ്‌ ജസ്റ്റീസ്‌ തോട്ടത്തില്‍ ബി. രാധാകൃഷ്‌ണന്‍, ജസ്റ്റീസ്‌ അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ്‌ ഇത്തരത്തിലൊരു ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. ഹൈക്കോടതിയില്‍ അപ്പീല്‍ പരിഗണിക്കവേ അന്വേഷണം സിബിഐക്കു വിടുന്നതിനു സുപ്രീംകോടതി പറഞ്ഞിട്ടുള്ള കാരണങ്ങളില്‍ ഒന്നുപോലും സാധൂകരിക്കുന്ന കേസല്ല ഇതെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകരുടെ വാദം.

ജയരാജനും ടി.വി. രാജേഷിനുമെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയില്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശം സിബിഐയെ സ്വാധീനിക്കാനിടയുണ്ടെന്നും പ്രതിഭാഗംവാദിച്ചു. സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ്‌ ജനറല്‍ സി.പി. സുധാകര പ്രസാദ്‌, തുടരന്വേഷണം സിബിഐക്കു വിട്ടതു ന്യായമല്ലെന്നു വാദിച്ചു. രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ദുര്‍ബലമായ കാരണം മാത്രമാണ്‌ ഡിജിപിയുടെ ശുപാര്‍ശയിലും സര്‍ക്കാര്‍ ഉത്തരവിലുമുള്ളതെന്നു അഡ്വക്കേറ്റ്‌ ജനറല്‍ വ്യക്തമാക്കി. ഡിജിപിയുടെ ശുപാര്‍ശയില്‍ പറയുന്നതിനപ്പുറം മറ്റു കാരണങ്ങളൊന്നും സര്‍ക്കാരിന്റെ മുമ്പിലുണ്ടായിരുന്നില്ല. അതു മതിയായ കാരണമല്ലെന്നും അഡ്വക്കേറ്റ്‌ ജനറല്‍ നിലപാടെടുത്തു.

2012 ഫെബ്രുവരി 20നാണ്‌ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെട്ടത്‌. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ്‌ എംഎല്‍എയും സഞ്ചരിച്ചിരുന്ന കാറിനു നേരേ മുസ്‌ലിം ലീഗ്‌ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്നു ഷുക്കൂറിനെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണു കേസ്‌. ആക്രമണത്തെത്തുടര്‍ന്നു ജയരാജനും ടി.വി. രാജേഷും തളിപ്പറമ്പ്‌ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിനിടെ, ഷുക്കൂറിനെ പിടികൂടിയ സിപിഎം പ്രവര്‍ത്തകര്‍ ഇയാളുടെ ചിത്രമെടുത്ത്‌, ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന നേതാക്കള്‍ക്കൊപ്പമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു മൊബൈലില്‍ അയച്ചുകൊടുത്ത്‌ ആളെ ഉറപ്പുവരുത്തി. തുടര്‍ന്ന്‌ കീഴാറയിലെ ഒരു പാടത്തുവച്ച്‌ കുത്തിക്കൊന്നുവെന്നാണു പ്രോസിക്യൂഷന്‍ കേസ്‌.