Breaking News

Trending right now:
Description
 
Jun 28, 2016

വിഎസിനെ മുഖ്യമന്ത്രിയാക്കാത്തത്‌ പ്രായാധിക്യം: കാരാട്ട്‌

image വി.എസ്‌. അച്യുതാനന്ദനെ മുഖ്യമന്ത്രിയായി പാര്‍ട്ടി പരിഗണിക്കാത്തതിനു കാരണം അദ്ദേഹത്തിന്റെ പ്രായാധിക്യവും ആരോഗ്യ പ്രശ്‌നങ്ങളുമാണെന്നു സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ വ്യക്തമാക്കി. വി.എസ്‌ തിരഞ്ഞെടുപ്പ്‌ പ്രചാരണം മുന്നില്‍നിന്നു നയിച്ച നേതാവാണ്‌. എന്നാല്‍, തിരഞ്ഞെടുപ്പു പ്രചാരണവും ഭരണവും രണ്ടാണെന്നും സിപിഎം സംസ്ഥാന കമ്മിറ്റിക്കുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കാബിനറ്റ്‌ റാങ്കോടെ പദവി നല്‍കാന്‍ പാര്‍ട്ടി തയാറാണ്‌. എന്നാല്‍, വിഎസ്‌ ഇനിയും അക്കാര്യത്തില്‍ മനസുതുറന്നിട്ടില്ല. ഭരണകാര്യങ്ങളില്‍ രാഷ്ട്രീയമായി ഇടപെടാനുള്ള സാധ്യതയുള്ള ഒരു പദവി നല്‍കാന്‍ പാര്‍ട്ടി തയാറല്ല. വിഎസിന്റെ പദവിയുടെ കാര്യത്തില്‍ സിപിഎം ഉചിതമായ തീരുമാനം എടുത്തിട്ടുണ്ട്‌. മന്ത്രിസഭ ചര്‍ച്ച ചെയ്‌തു വിഎസുമായി കൂടി ബന്ധപ്പെട്ട്‌ ഇക്കാര്യം നടപ്പാക്കാനാണ്‌ ആലോചിക്കുന്നത്‌-കാരാട്ട്‌ വ്യക്തമാക്കി.

ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം ഇനി തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ ഒരു അവ്യക്തതയും പാര്‍ട്ടിക്കില്ല. തൃണമൂലിന്റെ വിധ്വംസക നീക്കങ്ങള്‍ക്കെതിരായുള്ള അണിചേരലും തിരഞ്ഞെടുപ്പു ധാരണയും രണ്ടും രണ്ടാണ്‌. കേന്ദ്ര കമ്മിറ്റിയുടെ ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിലുള്ള തിരുത്തല്‍ നടപടി ബംഗാളില്‍ ഉടനുണ്ടാകുമെന്നും കാരാട്ട്‌ പറഞ്ഞു. ന്യൂക്ലിയര്‍ സപ്ലൈയ്‌സ്‌ ഗ്രൂപ്പില്‍ (എന്‍എസ്‌ജി) ഇന്ത്യക്ക്‌ അംഗത്വം ലഭിക്കാത്തതില്‍ അദ്‌ഭുതമില്ല. ഇന്ത്യയും അമേരിക്കയും തമ്മില്‍ നേരത്തേതന്നെ ആണവകരാറില്‍ ഒപ്പിട്ടിരുന്നതാണ്‌. ചൈന മാത്രമല്ല എന്‍എസ്‌ജിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ത്തത്‌. ബ്രിക്‌സ്‌ രാജ്യങ്ങളില്‍ മൂന്നു രാജ്യങ്ങള്‍ കൂടാതെ 10 രാജ്യങ്ങള്‍ ഇന്ത്യക്ക്‌ അംഗത്വം നല്‍കുന്നതിനെ എതിര്‍ത്തു. പ്രതിരോധ മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപമാണു നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്‌. ഇതു രാജ്യത്തിന്റെ സുരക്ഷയ്‌ക്കു തന്നെ ആപത്താണ്‌. വിലക്കയറ്റത്തിനും തൊഴിലില്ലായ്‌മക്കുമെതിരേ ദേശീയ തലത്തില്‍ സിപിഎം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കാരാട്ട്‌ പറഞ്ഞു.