Breaking News

Trending right now:
Description
 
Jun 27, 2016

കാവാലം നാരായണപണിക്കര്‍ അന്തരിച്ചു; സംസ്‌കാരം നാളെ

image നാടകാചാര്യന്‍ കാവാലം നാരായണപണിക്കര്‍ (88) അന്തരിച്ചു. സംസ്‌കാരം നാളെ വൈകിട്ട്‌ 4.30ന്‌ കാവാലത്തെ വസതിയില്‍. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ഇന്നലെ തിരുവനന്തപുരം തിരുമല തൃക്കണ്ണാപുരത്തെ വസതിയിലായിരുന്നു അന്ത്യം. കേരളത്തിലെ തനതു നാടകവേദിക്ക്‌ തുടക്കംകുറിച്ച ആചാര്യനാണ്‌ കാവാലം. കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയും കേന്ദ്ര സംഗീതനാടകം അക്കാദമിയുടെ ഉപാധ്യക്ഷനുമായിരുന്നു. നാടകസംഘങ്ങളായ തിരുവരത്തിന്റെയും സോപാനത്തിന്റെയും ഡയറക്ടറായിരുന്നു. തിരുവാഴിത്താന്‍, അവനവന്‍ കടമ്പ, കരിങ്കുട്ടി, ദൈവത്താര്‍ തുടങ്ങിയ പ്രശ്‌സ്‌ത നാടകങ്ങളുടെ കര്‍ത്താവ്‌ എന്ന നിലയിലും അദ്ദേഹം ശ്രദ്ധനേടി. തെയ്യത്തെയ്യം, പൊറനാടി തുടങ്ങി ഇരുപത്തിയാറോളം നാടകങ്ങള്‍ സൃഷ്ടിച്ച കാവാലം ഭാസന്റെയും കാളിദാസന്റെയും വിഖ്യാത സംസ്‌കൃത നാടകങ്ങളും ഇന്ത്യയിലെമ്പാടും അവതരിപ്പിച്ചു. കവി, ഗാനരചയിതാവ്‌ എന്നീ നിലകളിലും പ്രശസ്‌തനാണ്‌.

2007-ല്‍ പത്മഭൂഷന്‍ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. കേരളസാഹിത്യ അക്കാദമി പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, മികച്ച രചയിതാവിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്‌. 2014-ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. രതിനിര്‍വേദം എന്ന സിനിമയ്‌ക്കുവേണ്ടി ഗാനങ്ങള്‍ എഴുതിക്കൊണ്ടു സിനിമാ രംഗത്തെത്തി. വാടകയ്‌ക്കൊരു ഹൃദയം, കുമ്മാട്ടി, പടയോട്ടം, തമ്പ്‌, സൂര്യന്‍, വിടപറയും മുമ്പേ, ചില്ല്‌, വേനല്‍, ആമ്പല്‍പ്പൂവ്‌, പവിഴമുത്ത്‌, തമ്പുരാട്ടി, ആരൂഢം, ആരവം, പെരുവഴിയമ്പലം തുടങ്ങിയ നാല്‍പതോളം ചിത്രങ്ങള്‍ക്ക്‌ ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്‌. ആലപ്പുഴജില്ലയിലെ കാവാലത്ത്‌ ഗോദവര്‍മയുടെയും കുഞ്ഞുലക്ഷ്‌മിയുടെയും മകനായി 1928 ഏപ്രില്‍ 28നായിരുന്നു ജനനം. സര്‍ദാര്‍ കെ.എം.പണിക്കരുടെ അനന്തിരവനാണ്‌ കാവാലം. ശാരദാമണിയാണ്‌ ഭാര്യ. ഗായകന്‍ കാവാലം ശ്രീകുമാര്‍, പരേതനായ ഹരികൃഷ്‌ണന്‍ എന്നിവരാണ്‌ മക്കള്‍.