Breaking News

Trending right now:
Description
 
Jan 05, 2013

കൊച്ചിയില്‍ പ്രവാസി മഹാസമ്മേളനത്തിന്‌ തിങ്കളാഴ്‌ച തുടക്കമാകും

image കേരളം ആദ്യമായി ആതിഥ്യം വഹിക്കുന്ന പ്രവാസി മഹാസമ്മേളനം പ്രവാസി ഭാരതീയ ദിവസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രണ്ടായിരത്തോളം പ്രതിനിധികള്‍ പേര്‌ രജിസ്‌റ്റര്‍ ചെയ്‌തു കഴിഞ്ഞതായും എറണാകുളം പ്രസ്‌ ക്ലബിന്റെ മീറ്റ്‌ ദ പ്രസ്‌ പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഗള്‍ഫ്‌ മേഖലയ്‌ക്കായി മാത്രം ഒരു ദിവസം പൂര്‍ണമായും നീക്കിവച്ചുവെന്നത്‌ ഈ സംഗമത്തിന്റെ സവിശേഷതയാണെന്നും വയലാര്‍ രവി കൂട്ടിച്ചേര്‍ത്തു. കൊച്ചിയിലെ ലേ മെറിഡിയനില്‍ ഏഴ്‌, എട്ട്‌, ഒന്‍പത്‌ തീയതികളിലാണ്‌ സംഗമം. ഇന്ത്യയുടെ വികസനത്തില്‍ പ്രവാസികളുടെ പങ്കാളിത്തം എന്നതാണ്‌ സമ്മേളനത്തിന്റെ പ്രധാന ചര്‍ച്ചാ വിഷയം. ഇതുവരെ വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളില്‍ നടത്തിവന്നിരുന്ന സമ്മേളനത്തിന്‌ കേരളവും കൊച്ചിയും ആദ്യമായാണ്‌ വേദിയാകുന്നത്‌. പ്രവാസി സമ്മാന്‍ പ്രഖ്യാപനവും ദാനവും സമാപന ദിവസം നടക്കും. രാഷ്‌ട്രപതി പ്രണാബ്‌ മുഖര്‍ജി സമ്മാനദാനം നിര്‍വഹിക്കും. പരമാവധി 15 പേര്‍ക്കാണ്‌ സമ്മാനം നല്‍കുക.

 ഉപരാഷ്‌ട്രപതി ഡോ. ഹമീദ്‌ അന്‍സാരിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ്‌ പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുക. എംബസികള്‍ ശിപാര്‍ശ ചെയ്യുന്ന പേരുകളില്‍ നിന്നാണ്‌ പുരസ്‌കാര ജേതാക്കളെ കണ്ടെത്തുക. നാളെ രാവിലെ ഒന്‍പതരയ്‌ക്കു ലേ മെറിഡിയനില്‍ എക്‌സിബിഷന്‍ ആരംഭിക്കും. സെമിനാര്‍ വയലാര്‍ രവി ഉദ്‌ഘാടനം ചെയ്യും. എട്ടിനു രാവിലെ ഒന്‍പതരയ്‌ക്കു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. മൗറീഷ്യസ്‌ പ്രസിഡന്റ്‌ രാകേശ്വര്‍ പുര്യാഗ്‌ മുഖ്യാതിഥിയായിരിക്കും. വയലാര്‍ രവി, പ്രവാസി കാര്യ വകുപ്പ്‌ സെക്രട്ടറി രാജീവ്‌ മെഹ്‌റിഷി എന്നിവര്‍ പ്രസംഗിക്കും. ഗദര്‍ പ്രസ്ഥാനത്തിന്റെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ പുറത്തിറക്കുന്ന സ്റ്റാമ്പിന്റേയും പ്രവാസികാര്യ വകുപ്പിന്റെ രണ്ട്‌ പസിദ്ധീകരണങ്ങളുടെയും പ്രകാശനവും പ്രധാനമന്ത്രി നിര്‍വഹിക്കും. 10.30ന്‌ നടക്കുന്ന വികസന സെമിനാറില്‍ കേന്ദ്രാ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണേ്‌ടക്‌ സിംഗ്‌ അലുവാലിയ മോഡറേറ്ററായിരിക്കും. സമാപന സമ്മേളനത്തില്‍ രാഷ്‌ട്രപതി പ്രണാബ്‌ മുഖര്‍ജി സമാപന സന്ദേശം നല്‍കും.