Breaking News

Trending right now:
Description
 
Jun 26, 2016

ബാംഗ്ലൂരിലെ റാഗിങ്‌ കേസ്‌: അറസ്റ്റിലായ വിദ്യാര്‍ഥിനികളെ റിമാന്‍ഡ്‌ ചെയ്‌തു

image ബാംഗ്ലൂര്‍ കലബുറഗിയിലെ അല്‍ഖമാര്‍ നഴ്‌സിംഗ്‌ കോളജില്‍ ദളിത്‌ വിദ്യാര്‍ഥിനി കോഴിക്കോട്‌ എടപ്പാള്‍ സ്വദേശിനിയായ ദലിത്‌ വിദ്യാര്‍ഥിനി അശ്വതി (19) റാഗിംഗിനു ഇരയായ സംഭവത്തില്‍ അറസ്റ്റിലായ മൂന്നു സീനിയര്‍ വിദ്യാര്‍ഥിനികളെയും 14 ദിവസത്തേക്ക്‌ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്‌തു. കൊല്ലം സ്വദേശിനി ലക്ഷ്‌മി, ഇടുക്കി സ്വദേശിനി ആതിര, കൃഷ്‌ണപ്രിയ എന്നിവരെയാണു കലബുറഗി സെഷന്‍സ്‌ കോടതി മജിസ്‌ട്രേറ്റ്‌ റിമാന്‍ഡ്‌ ചെയ്‌തത്‌. ഇതില്‍ ആതിര, ലക്ഷ്‌മി എനിവരെ കലബുറഗി സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന്‌ കൃഷ്‌ണപ്രിയയെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച രാത്രിയിലാണ്‌ മൂവരെയും അറസ്‌റ്റു ചെയ്‌തത്‌. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വിട്ടുകിട്ടാന്‍ അന്വേഷണസംഘം കോടതിയെ സമീപിക്കും. അശ്വതിക്കൊപ്പം ഹോസ്‌റ്റലില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ മൊഴിയാണ്‌ അറസ്റ്റിലേക്ക്‌ കാര്യങ്ങള്‍ എത്തിച്ചത്‌. ലക്ഷ്‌മിയും ആതിരയും രണ്ടാംവര്‍ഷ വിദ്യാര്‍ഥിനികളും കൃഷ്‌ണപ്രിയ അവസാനവര്‍ഷ വിദ്യാര്‍ഥിനിയുമാണ്‌. മറ്റൊരു പ്രതിയായ സീനിയര്‍ വിദ്യാര്‍ഥിനി ശില്‌പയെ പിടികൂടാനായി പൊലീസ്‌ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്‌. ശില്‌പ കേരളത്തിലേക്കു മടങ്ങിയെന്നാണ്‌ പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. റാഗ്‌ ചെയ്‌തുവെന്ന്‌ പരോക്ഷമായി സമ്മതിച്ച വിദ്യാര്‍ഥിനികള്‍ ശുചിമുറി വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലായനി അശ്വതിയെ കുടിപ്പിച്ചിട്ടില്ലെന്നാണ്‌ പൊലീസിന്‌ മൊഴിനല്‍കിയത്‌. കര്‍ണാടകയില്‍നിന്നുള്ള അന്വേഷണസംഘം കഴിഞ്ഞദിവസം കോഴിക്കോട്ട്‌ എത്തിയിരുന്നു. ഇവര്‍ ഇന്നലെ അശ്വതിയുടെ സ്വദേശമായ എടപ്പാളിലെയും ചികിത്സ തേടിയ തൃശൂരിലെയും ആശുപത്രികളില്‍ നിന്നുള്ള രേഖകള്‍ കസ്റ്റഡിയിലെടുത്തു. ചികിത്സയില്‍ കഴിയുന്ന അശ്വതിയെ ഇന്നലെ സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗത്തില്‍ എന്‍ഡോസ്‌കോപ്പി പരിശോധനയ്‌ക്കു വിധേയയാക്കി. പൂര്‍ണതോതിലുള്ള പരിശോധന സാധ്യമായില്ലെങ്കിലും രാസവസ്‌തുക്കള്‍ അകത്തുചെന്ന്‌ അന്നനാളം ഒട്ടിച്ചേര്‍ന്ന നിലയിലാണെന്നു വ്യക്തമായെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു.