Breaking News

Trending right now:
Description
 
Jun 26, 2016

കാഷ്‌മീരില്‍ ഭീകരാക്രമണം: കൊല്ലപ്പെട്ട എട്ട്‌ ജവാന്മാരില്‍ മലയാളിയും

image ജമ്മു കാഷ്‌മീരില്‍ പുല്‍വാമ ജില്ലയിലെ പാംപോറില്‍ സിആര്‍പിഎഫ്‌ ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ നടത്തിയ വെടിവയ്‌പില്‍ എട്ടു ജവാന്മാര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ മലയാളിയുണ്ടെന്നു റിപ്പോര്‍ട്ട്‌ പുറത്തുവന്നു. സിആര്‍പിഎഫ്‌ 161-ാം ബെറ്റാലിയന്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ തിരുവനന്തപുരം സ്വദേശി ജയചന്ദ്രനാണ്‌ കൊല്ലപ്പെട്ടത്‌. 21 ജവാന്മാര്‍ക്ക്‌ പരുക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്‌. അഞ്ചുജവാന്മാര്‍ ആശുപത്രിയിലേക്കുള്ള യാത്രയ്‌ക്കിടെയാണ്‌ മരിച്ചത്‌. പ്രത്യാക്രമണത്തില്‍ ജവാന്മാര്‍ രണ്ടു ഭീകരരെ വധിച്ചു. മറ്റു രണ്ടുപേര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കൊല്ലപ്പെട്ട ഭീകരരില്‍ന്നു എകെ 47 തോക്കുകളും ആറു ഗ്രനേഡുകളും വെടിക്കോപ്പുകളും കണ്ടെടുത്തു. പാക്കിസ്ഥാന്‍ ആസ്ഥാനമായ ഭീകരസംഘടന ലഷ്‌കര്‍-ഇ- തൊയ്‌ബ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ശ്രീനഗറില്‍നിന്നു 14 കിലോമീറ്റര്‍ അകലെ പാമ്പോറില്‍ ശ്രീനഗര്‍-ജമ്മു ഹൈവേയിലെ കൊടുംവളവില്‍ വൈകിട്ടു 4.50നാണ്‌ ആക്രണം.

ലാത്‌പോരയില്‍ പരിശീലനം കഴിഞ്ഞു ശ്രീനഗറിലെ സൈനിക കേന്ദ്രത്തിലേക്കു മടങ്ങുകയായിരുന്ന സിആര്‍പിഎഫ്‌ വാഹനവ്യൂഹത്തിനു നേരെ നാലു ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ജവാന്മാര്‍ സഞ്ചരിച്ച ആറു ബസുകളില്‍ മൂന്നെണ്ണത്തിനു നേരേ കാറില്‍ എത്തിയ ഭീകരര്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. ആര്‍പിഎഫ്‌ ഇന്‍സ്‌പെക്ടര്‍ ജനറല്‍ നളിന്‍ പ്രഭാത്‌ സംഭവസ്ഥലം സന്ദര്‍ശിച്ചു. കാഷ്‌മീരില്‍ സുരക്ഷാ സൈനികര്‍ക്കുനേരേ ഈ മാസം നടക്കുന്ന ഏഴാമത്തെ ഭീകരാക്രമണമാണിത്‌. കഴിഞ്ഞ മൂന്ന്‌ ആക്രമണങ്ങളിലായി അഞ്ച്‌ സുരക്ഷാ ഭടന്മാര്‍ക്ക്‌ ജീവഹാനി നേരിട്ടിരുന്നു. നിരവധി പേര്‍ക്കു പരിക്കേറ്റു. ജൂണ്‍ മൂന്നിനു ബിഎസ്‌എഫ്‌ ജവാന്മാരുടെ വാഹനത്തിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ രണ്ടു പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇന്ത്യ-പാക്‌ അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം വര്‍ധിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. അഞ്ച്‌ മാസത്തിനുള്ളില്‍ 50 നുഴഞ്ഞുകയറ്റശ്രമങ്ങളാണ്‌ ഉണ്ടായത്‌.