Breaking News

Trending right now:
Description
 
Jun 25, 2016

രാഹുല്‍ക്ലബില്‍ അംഗത്വമെടുക്കാനാണ്‌ താന്‍ പോയതെന്ന്‌ കോണ്‍ഗ്രസിന്‌ മുകേഷിന്റെ മറുപടി

image രാഹുല്‍ ക്ലബില്‍ അംഗത്വമെടുക്കാനാണ്‌ താന്‍ പോയതെന്ന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ ചലച്ചിത്രതാരവും കൊല്ലം എംഎല്‍എയുമായ എം.മുകേഷിന്റെ മറുപടി. കൊല്ലത്തു താന്‍ ഉണ്ടായിട്ടും തന്നെ കാണാനിന്നുകാട്ടി പൊലീസില്‍ പരാതി നല്‍കിയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ നടപടിയോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാലുമാസമെങ്കിലും വീട്ടില്‍ പറയാതെ വിദേശത്ത്‌ പോയാലേ അംഗത്വം തരൂവെന്നു പറഞ്ഞ്‌ തന്നെ മടക്കിയയ്‌ക്കുകയായിരുന്നുവെന്നു തമാശയായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസുകാര്‍ നല്‍കിയ പരാതി തമാശയായിട്ടാണ്‌ കാണുന്നത്‌. അപ്പോള്‍ താന്‍പറയുന്ന രാഹുല്‍ക്ലബ്‌ തമാശയും അവര്‍ കേള്‍ക്കേണ്ടിവരും. ഒരു കലാകാരനോട്‌ ആര്‍ക്കും എന്തും കാണിക്കാമെന്ന മനോഭാവം മാറണം. താന്‍ രാജിവയ്‌ക്കാനൊന്നും ഉദ്ദേശിക്കുന്നില്ല. സ്ഥാനാര്‍ഥിയാവാന്‍ കോണ്‍ഗ്രസുകാര്‍ കൂട്ടയടി നടത്തുന്നത്‌ ഒഴിവാക്കണം. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തന്നെ കാണാനില്ലെന്നു പറഞ്ഞു ജാഥനടത്തുമ്പോള്‍ ജാഥ നയിക്കുന്നയാളുടെ സമീപത്തെ മരണവീട്ടില്‍ താന്‍ ഉണ്ടായിരുന്നതായും മുകേഷ്‌ വ്യക്തമാക്കി. തന്റെ സമീപത്തുകൂടിയാണ്‌ ജാഥ കടന്നുപോയതുതന്നെ. എന്നിട്ടും തന്നെ കാണാനില്ലെന്നു പറയുന്നതാണ്‌ ഏറ്റവും വലിയ തമാശയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ കാണാനില്ലെങ്കില്‍ തന്നെക്കുറിച്ചു പരാതി നല്‍കേണ്ടത്‌ വീട്ടുകാരാണ്‌. അല്ലാതെ മറ്റുള്ളവരല്ല. പരാതി സ്വീകരിച്ച എസ്‌ഐ തന്നെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ചോയെന്നും അന്വേഷിക്കേണ്ടതുണ്ട്‌. എസ്‌ഐയുടെ നടപടി ഏറെ പ്രതിഷേധാര്‍ഹമാണ്‌. പരാതി പൊലീസ്‌ സ്വീകരിച്ചതിനെക്കുറിച്ചു പാര്‍ട്ടി പരിശോധിച്ച്‌ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം കലക്ട്രേറ്റില്‍ ബോംബ്‌ സ്‌ഫോടനം നടന്നദിവസം പൊലീസ്‌ കമ്മീഷണറോട്‌ വിവരങ്ങള്‍ തിരക്കിയിരുന്നു. വൈകിട്ട്‌ കൊല്ലത്ത്‌ മുഖ്യമന്ത്രിവന്ന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്‌തു-മുകേഷ്‌ വ്യക്തമാക്കി. അതേസമയം കൊല്ലം എംഎല്‍എ എം.മുകേഷിനെ അപകീര്‍ത്തിപ്പെടുത്താന്‍ കൂട്ടുനിന്ന പൊലീസ്‌ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ്‌ ചെയ്യണമെന്നു ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ്‌ സ്റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തി.