Breaking News

Trending right now:
Description
 
Jun 25, 2016

ഗുല്‍ബര്‍ഗ റാഗിങ്‌: മൂന്ന്‌ സീനിയര്‍ വിദ്യാര്‍ഥികള്‍ പിടിയില്‍

image കര്‍ണാടകയിലെ ഗുര്‍ബര്‍ഗ്‌ നഴ്‌സിങ്‌ കോളജില്‍ മലയാളി ദലിത്‌ വിദ്യാര്‍ഥിനി ക്രൂരമായ റിഗിങിന്‌ വിധേയയായ സംഭവത്തില്‍ കൊല്ലം സ്വദേശി ലക്ഷി, ഇടുക്കി സ്വദേശിനികളായ ആതിര, കൃഷ്‌ണപ്രിയ എന്നീ സീനിയര്‍ വിദ്യാര്‍ഥികളെ ഗുര്‍ബര്‍ഗ്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തു. റാഗിങിന്‌ ഇരയായ അശ്വതിക്കൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റ്‌. അന്വേഷണസംഘം കേരളത്തിലേക്ക്‌ പുറപ്പെടാനിരിക്കെയാണ്‌ വിദ്യാര്‍ഥിനികള്‍ കോളജ്‌ ഹോസ്‌റ്റലില്‍ എത്തിയതെന്ന വിവരം അറിഞ്ഞതും കസ്‌റ്റഡിയില്‍ എടുത്തതും. പിന്നീട്‌ മൂവരെയും സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്‌തശേഷം അറസ്‌റ്റു രേഖപ്പെടുത്തുകയായിരുന്നു. നിര്‍ദ്ധന കുടുംബത്തിലെ അംഗമാണ്‌ റാഗിങിന്‌ ഇരയായ അശ്വതി. ബാങ്കില്‍നിന്ന്‌ വായ്‌പയെടുത്താണ്‌ ബാംഗ്ലൂരില്‍ അഞ്ചുമാസം മുമ്പ്‌ നഴ്‌സിങിന്‌ ചേര്‍ന്നത്‌. സീനിയര്‍ വിദ്യാര്‍ഥിനികള്‍ചേര്‍ന്ന്‌ തറവൃത്തിയാക്കാന്‍ ഉപയോഗിച്ച ഫിനോള്‍ ദ്രാവകം കുടിപ്പിച്ചുവെന്നാണ്‌ കേസ്‌. കഴിഞ്ഞമാസം നടന്ന സംഭവത്തെ തുടര്‍ന്ന്‌ അന്നനാളം ഉരുകി വെള്ളംപോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കോഴിക്കോട്‌ മെഡിക്കല്‍കോളജില്‍ ചികിത്സയിലാണ്‌ അശ്വതി. അന്വേഷണവുമായി ബന്ധപ്പെട്ട്‌ കര്‍ണാടക പൊലീസിന്റെ അന്വേഷണസംഘം കോഴിക്കോട്ടെത്തി. മെഡിക്കല്‍ കോളജ്‌ പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസിന്റെ വിവരങ്ങള്‍ വ്യാഴാഴ്‌ച കര്‍ണാടക പൊലീസിനു കൈമാറിയതിനെത്തുടര്‍ന്നാണ്‌ അന്വേഷണസംഘം കോഴിക്കോട്ടെത്തിയത്‌. സംഘത്തില്‍ കൂടുതലും വനിതകളാണ്‌. റാഗിംഗിന്‌ ഇരയായ അശ്വതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടി അന്വേഷണ സംഘം കൈക്കൊള്ളും. അതേസമയം, സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട്‌ കര്‍ണാടക ഡിജിപി, ചീഫ്‌ സെക്രട്ടറി, കോഴിക്കോട്‌ ജില്ലാ കലക്ടര്‍, പൊലീസ്‌ സൂപ്രണ്ട്‌ എന്നിവര്‍ക്ക്‌ നോട്ടീസ്‌ അയച്ചു.