Breaking News

Trending right now:
Description
 
Jun 25, 2016

കോഴ ആരോപണം: ഉമ്മന്‍ചാണ്ടിക്കും ആര്യാടനുമെതിരെ കേസെടുക്കേണ്ട

image സോളാര്‍ കേസ്‌ പ്രതി സരിത എസ്‌. നായര്‍ കമ്മീഷനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ കേസെടുത്ത്‌ അന്വേഷണം നടത്തണമെന്ന തൃശൂര്‍ വിജിലന്‍സ്‌ കോടതിയുടെ ഉത്തരവ്‌ ഹൈക്കോടതി റദ്ദാക്കി. ഇരുവര്‍ക്കും കോഴ നല്‍കിയെന്നായിരുന്നു സരിതയുടെ മൊഴി. ഡല്‍ഹി ചാന്ദിനി ചൗക്കില്‍വച്ച്‌ ഉമ്മന്‍ചാണ്ടിക്ക്‌ കോഴനല്‍കിയെന്നായിരുന്നു മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ സ്വദേശിയാണ്‌ വിജിലന്‍സ്‌ കോടതിയെ സമീപിച്ചത്‌. വിജിലന്‍സ്‌ കോടതി ഉത്തരവ്‌ ചോദ്യം ചെയ്‌ത്‌ ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച അപ്പീലിലാണു ജസ്റ്റീസ്‌ ബി. കെമാല്‍ പാഷയുടെ ഉത്തരവ്‌. കേസില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്‌തിരുന്നു. സുപ്രീംകോടതി ഉത്തരവുകള്‍ക്കു വിരുദ്ധമാണ്‌ വിജിലന്‍സ്‌ കോടതിയുടെ ഉത്തരവെന്നും തിടുക്കത്തിലെടുത്ത തീരുമാനം നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിയാണു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്‌. സരിത എസ്‌.നായര്‍ സോളാര്‍ കമ്മീഷനു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ്‌ എടുക്കണമെന്ന പരാതിയില്‍ കേസ്‌ എടുക്കണമെന്ന നിര്‍ദേശം പരിഗണിക്കാന്‍തക്ക മൂല്യം ആ പരാതിക്കില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വിജിലന്‍കോടതി നടപടി തിടുക്കത്തിലായിരുന്നുവെന്നു ഹൈക്കോടതി വിലയിരുത്തി. ഗൗരവമേറിയ മറ്റു പല ചുമതലകളുമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ ഏറ്റെടുക്കേണ്ട ജോലികള്‍ ഇതൊന്നുമല്ലെന്നു കോടതി ഉത്തരവില്‍ വ്യക്തമാക്കി. സരിത എസ്‌. നായര്‍ സോളാര്‍ കമ്മീഷനില്‍ വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തിലാണു ഹര്‍ജിക്കാരന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്‌. സോളാര്‍ കേസിലെ പ്രതിയായ സരിതയെ ക്രോസ്‌ എക്‌സാമിനേഷന്‍ നടത്തിയിരുന്നില്ല. മാത്രമല്ല ആരോപണം ഉന്നയിച്ച സരിതയല്ല പരാതിയുമായി കോടതിയിലെത്തിയിരിക്കുന്നത്‌. ആരോപണവുമായി ബന്ധപ്പെട്ടു വ്യക്തിപരമായി അറിവുള്ള വ്യക്തിക്കു കോടതിയെ സമീപിക്കുന്നതിന്‌ ഇപ്പോഴും സാധ്യതയുണ്ട്‌. എന്നാല്‍, വിജിലന്‍സ്‌ കോടതി പരിശോധിച്ച പരാതി സരിത കമ്മീഷനില്‍ നല്‍കിയതായി പറയപ്പെടുന്നവ മാത്രമാണ്‌. ഇതു സംബന്ധിച്ച പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്‌. ഇതംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.