Breaking News

Trending right now:
Description
 
Jun 24, 2016

സരിതയ്‌ക്ക്‌ എതിരെ അറസ്റ്റ്‌ വാറന്റ്‌

image സരിത എസ്‌.നായര്‍ക്കെതിരെ സോളാര്‍ കമ്മിഷന്‍ ജാമ്യമി്‌ല്ലാ അറസ്‌റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചു. ഒട്ടേറെതവണ ആവര്‍ത്തിച്ചു മുന്നറിയിപ്പു നല്‍കിയിട്ടും ക്രോസ്‌ വിസ്‌താരത്തിനായി ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ്‌ നടപടി. ഈ മാസം 27ന്‌ അറസ്റ്റ്‌ ചെയ്‌ത്‌ ഹാജരാക്കാന്‍ സംസ്ഥാന പൊലീസ്‌ മേധാവിക്ക്‌ ജസ്റ്റീസ്‌ ജി.ശിവരാജന്‍ ഉത്തരവ്‌ നല്‍കി. സിറ്റിംഗില്‍ ഹാജരാകാതിരിക്കുന്നത്‌ ബോധപൂര്‍വമാണെന്നും കമ്മീഷനെ സരിത കബളിപ്പിക്കുകയാണെന്നും ജസ്റ്റീസ്‌ ജി.ശിവരാജന്‍ നിരീക്ഷിച്ചു. പല തവണ സമയം നീട്ടിക്കൊടുത്തിട്ടും ഹാജരാകാതെ കമ്മീഷനെ കബളിപ്പിക്കുന്ന സരിതയുടെ നടപടി തുടരാന്‍ അനുവദിക്കില്ല. കമ്മീഷനു മുമ്പില്‍ പ്രമാണങ്ങള്‍ ഹാജരാക്കുകയും അതേപ്പറ്റി മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറയുകയും ചെയ്‌തശേശം ക്രോസ്‌ വിസ്‌താരത്തിന്‌ ഹാജരാകാത്തത്‌ ബോധപൂര്‍വമാണ്‌. കഴിഞ്ഞ 17നു ഹാജരാകാനാവശ്യപ്പെട്ട്‌ നോട്ടീസ്‌ അയച്ചെങ്കിലും അമ്മയ്‌ക്ക്‌ സുഖമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിസ്‌താരം 23ലേക്ക്‌ നീട്ടിവയ്‌ക്കണമെന്നു സരിത ആവശ്യപ്പെട്ടിരുന്നു. ഈ അപേക്ഷ കമ്മീഷന്‍ പരിഗണിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണു സരിത ഇന്നലെ ഹാജരാകാതിരുന്നത്‌. അറസ്റ്റ്‌ വാറന്റിനു വഴങ്ങാന്‍ തയാറാകുന്നില്ലെങ്കില്‍ അവര്‍ ഇന്നലെ കമ്മീഷനില്‍ ഹാജരാകാത്തിനു തടസമായി ചൂണ്ടിക്കാട്ടിയ ആരോഗ്യപ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിനു വൈദ്യസംഘത്തെ നിയോഗിക്കും. വൈദ്യസംഘം സരിതയ്‌ക്കു കൂടുതല്‍ ചികിത്സ നിര്‍ദേശിച്ചാല്‍ അതിന്‌ അനുവാദം നല്‍കും. അങ്ങനെയൊരു ആരോഗ്യ പ്രശ്‌നമില്ലെങ്കില്‍ സരിതയെ തിങ്കളാഴ്‌ച ഹാജരാക്കണമെന്നാണു കമ്മീഷന്റെ നിര്‍ദേശം. സരിത നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ക്രോസ്‌ വിസ്‌താരത്തിനായി ഇന്നലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌, മുന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, ജോസ്‌ കെ. മാണി എംപി എന്നിവരുടെ അഭിഭാഷകര്‍ എത്തിയിരുന്നു.